റെയിൽവേ സ്റ്റേഷനില്‍ മിന്നല്‍ സന്ദര്‍ശനം നടത്തിയ ഹേമ മാലിനിയെ സ്വീകരിച്ചത് കലി പൂണ്ട് നിന്ന കാള; പിന്നെ സംഭവിച്ചത് വീഡിയോ പറയും

ദില്ലി: ഉത്തര്‍പ്രദേശിലെ മഥുര റെയില്‍വെ സ്റ്റേഷനില്‍ മിന്നല്‍ പരിശോധനയ്‌ക്കെത്തിയ ബി.ജെ.പി എം.പിയും ബോളിവുഡ് നടിയുമായ ഹേമമാലിനിയെ വരവേറ്റത് വിറളിപിടിച്ചു നിന്ന കാള. പ്ലാറ്റ്‌ഫോമിലൂടെ കൊമ്പും കുലുക്കി ഹേമ മാലിനിക്ക് നേരെ പാഞ്ഞടുത്ത കാളയില്‍ നിന്നും ഹേമയെ രക്ഷിക്കാന്‍ പോലീസുകാര്‍ സുരക്ഷാവലയം തീര്‍ത്തു. ഹേമയുടെ സംഘത്തിലെ ചിലര്‍ കാളയുടെ കൊമ്പില്‍പിടികൂടി പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ബുധനാഴ്ച ഹേമാമാലിനിയും സംഘവും റെയില്‍വെ സ്റ്റേഷനില്‍ മിന്നല്‍പരിശോധന നടത്തുമ്പോഴായിരുന്നു അപ്രതീക്ഷിതമായി കാളയെത്തിയത്. എം.പിമാര്‍ അവരവരുടെ മണ്ഡലത്തിലെ റെയില്‍വെ സ്റ്റേഷനില്‍ പരിശോധന നടത്തുകയും അപര്യാപ്തതകള്‍ മനസിലാക്കി റിപ്പോര്‍ട്ട് ചെയ്യണമെന്ന് റെയില്‍വെ മന്ത്രി പിയൂഷ് ഗോയല്‍ നിര്‍ദ്ദേശിച്ചിരുന്നു.മുംബൈ റെയില്‍വെസ്റ്റേഷന്‍ ദുരന്തത്തിനു ശേഷമാണ് മന്ത്രി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഹേമ റെയില്‍വെ സ്റ്റേഷന്‍ പരിശോധനയ്ക്ക് എത്തിയത്.