രാജീവ് വധം: കൊലപ്പെടുത്താന്‍ ആവശ്യപ്പെട്ടിട്ടില്ല; പ്രതികള്‍ക്ക് നിയമോപദേശം നല്‍കിയെന്ന് സി.പി.ഉദയഭാനു

ചാലക്കുടി: ഭൂമിയിടപാടുകാരന്‍ രാജീവിന്റെ കൊലപാതകത്തില്‍ താന്‍ കുറ്റം ചെയ്തിട്ടില്ലെന്ന് അഡ്വ. സി.പി.ഉദയഭാനു. പോലീസ് പിടികൂടിയ ചക്കര ജോണിയും രഞ്ജിത്തുമാണ് എല്ലാം ചെയ്തത്. അവര്‍ക്ക് നിയമോപദേശം നല്‍കുക മാത്രമാണ് താന്‍ ചെയ്തതെന്ന് പൊലീസിന് നല്‍കിയ മൊഴിയില്‍ ഉദയഭാനു പറഞ്ഞു. രാജീവിനെ ബന്ദിയാക്കാന്‍ രഞ്ജിത്തും,ചക്കര ജോണിയും ക്വട്ടേഷന്‍ നല്‍കിയിരുന്നു. കൊലപ്പെടുത്താന്‍
താന്‍ ആവശ്യപ്പെട്ടിട്ടില്ല. പണം തിരിച്ചുപിടിക്കാന്‍ രാജീവിന്റെ സ്വത്ത് കൈവശപ്പെടുത്തുകയായിരുന്നു ലക്ഷ്യമെന്നും ഉദയഭാനു മൊഴി നല്‍കി.

ഇന്നലെ രാത്രിയാണ് തൃപ്പൂണിത്തുറയിലെ ബന്ധുവീട്ടില്‍നിന്ന് ഉദയഭാനുവിനെ പൊലീസ് അറസ്റ്റു ചെയ്തത്. കീഴടങ്ങാന്‍ തയാറെടുക്കുന്നതിനിടെയായിരുന്നു അറസ്റ്റ്. എന്നാല്‍ കീഴടങ്ങുകയായിരുന്നുവെന്ന് ഉദയഭാനുവിന്റെ ബന്ധുക്കള്‍ പറഞ്ഞു. ചാലക്കുടി പൊലീസ് അന്വേഷിക്കുന്ന കേസില്‍ ഡി.വൈ.എസ്.പി എസ്.ഷംസുദ്ദീന്റെ നേതൃത്വത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഉദയഭാനുവിനു പങ്കുണ്ടെന്നാണു പോലീസ് നിഗമനം.