ഗെയില്‍ സമരത്തിനിടെ സംഘര്‍ഷമുണ്ടാക്കിയത് പുറത്തുനിന്ന് വന്നവര്‍; പിന്നില്‍ തീവ്രവാദ സ്വഭാവ സംഘടനകളെന്നു പോലീസ്

മുക്കം: കൊച്ചി – മംഗലാപുരം ഗെയില്‍ വാതക പൈപ് ലൈന്‍ പദ്ധതിക്കെതിരെ നടന്നുവരുന്ന സമരത്തിനിടെയുണ്ടായ അക്രമത്തിനുപിന്നില്‍ തീവ്ര സ്വഭാവമുള്ള സംഘടനകളാണെന്നു പൊലീസ്. ആസൂത്രിതമായാണ് ആക്രമണം നടത്തിയത്. ആക്രമണം നടത്തുന്നതിന് മലപ്പുറത്ത് നിന്ന് വരെ ആളുകളെത്തിയിരുന്നു.സമരക്കാരില്‍ ചിലരെത്തിയത് വടിയും കല്ലുകളുമായാണെന്നും പൊലീസ് വ്യക്തമാക്കി. മലപ്പുറത്തെ തീവ്രവാദ സ്വഭാവമുള്ള ചില സംഘടനകളാണ് ഇതിനു പിന്നില്‍. ഇത് കണ്ടെത്തുന്നതിനായി അന്വേഷണം തുടങ്ങി. പ്രതിഷേധവും പൊലീസ് സ്റ്റേഷന്‍ ആക്രമണവും ആസൂത്രിതമാണ്.

സമരത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഉള്‍പ്പെടെയുള്ള പങ്ക് അന്വേഷിക്കുന്നുണ്ട്. ആളുകളെ ഭയവിഹ്വലരാക്കി തെറ്റിദ്ധാരണ ഉണ്ടാക്കുകയാണു സമരക്കാരുടെ ലക്ഷ്യം. സംഭവത്തില്‍ 32 പേരെയാണു ഇന്നലെ അറസ്റ്റു ചെയ്തത്. ഇവരെ റിമാന്‍ഡു ചെയ്തിട്ടുണ്ടെന്നും പൊലീസ് കൂട്ടിച്ചേര്‍ത്തു.

അതിനിടെ സമരക്കാര്‍ക്കുനേരെയുണ്ടായ പൊലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് തിരുവമ്പാടി നിയോജകമണ്ഡലത്തില്‍ നടത്തുന്ന ഹര്‍ത്താല്‍ തുടങ്ങി. രാവിലെ ആറുമുതല്‍ അഞ്ചുവരെയാണ് ഹര്‍ത്താല്‍. നിയോജക മണ്ഡലത്തിനു പുറമെ മലപ്പുറം ജില്ലയിലെ കീഴുപറമ്പ് പ!ഞ്ചായത്തിലും ഹര്‍ത്താല്‍ നടത്തുന്നുണ്ട്.

കൊച്ചിമംഗളൂരു വാതകക്കുഴലിനെതിരേ മുക്കം എരഞ്ഞിമാവില്‍ ഒരുമാസമായി നടന്നുവരുന്ന സമരം കഴിഞ്ഞ ദിവസം അക്രമാസക്തമാവുകയായിരുന്നു. പോലീസും സമരക്കാരും തമ്മില്‍ മണിക്കൂറോളം നടുറോഡില്‍ ഏറ്റുമുട്ടി.സമരക്കാരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. കണ്ണീര്‍വാതകവും പ്രയോഗിച്ചു. അക്രമസംഭവങ്ങള്‍ രാത്രി വൈകിയും തുടര്‍ന്നു. അന്‍പതോളം പേരെ മുക്കം, അരീക്കോട് പോലീസ് അറസ്റ്റുചെയ്തു.

ലാത്തിച്ചാര്‍ജില്‍ ഒട്ടേറെപേര്‍ക്ക് പരിക്കേറ്റു. കല്ലേറില്‍ ഗെയില്‍ പദ്ധതി ജീവനക്കാര്‍ക്കും പരിക്കേറ്റു. ഗെയില്‍ അധികൃതര്‍ എത്തിയ ജീപ്പും രണ്ട് കെ.എസ്.ആര്‍.ടി.സി. ബസുകളും തകര്‍ന്നു. സമരക്കാരുടെ വാഹനങ്ങള്‍ പോലീസ് കസ്റ്റഡിയിലെടുത്തു. സമരപ്പന്തല്‍ പോലീസ് അടിച്ചു തകര്‍ത്തു.സര്‍വേയും കുഴലിടലും പുനഃരാരംഭിക്കുന്നതിനായി ഗെയില്‍ അധികൃതര്‍ ബുധനാഴ്ച രാവിലെ ഒമ്പതരയോടെ എത്തിയപ്പോഴാണ് സംഘര്‍ഷം തുടങ്ങിയത്.