മുക്കത്ത് വീണ്ടും കനത്തസംഘര്‍ഷം ; പോലീസ് വീടുകളില്‍ കയറി സമരക്കാരെ അറസ്റ്റ് ചെയ്യുന്നു ; സംസ്ഥാന പാതയില്‍ ഗതാഗത സ്തംഭനം

മുക്കത്ത് ഗെയില്‍ പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം തുടരുന്നു. ബുധനാഴ്ച നടന്ന പോലീസ് ലാത്തിച്ചാര്‍ജ്ജില്‍ പ്രതിഷേധിച്ച് മൂന്ന് പഞ്ചായത്തുകളില്‍ പ്രഖ്യാപിച്ച ഹര്‍ത്താല്‍ പലയിടത്തും അക്രമാസക്തമായി. പോലീസുകാര്‍ സമരക്കാരെ വീടുകളില്‍ കയറി അറസ്റ്റ് ചെയ്യുകയാണ് ഇപ്പോള്‍.സമീപ പ്രദേശത്തെ വീടുകളിലാണ് സമരക്കാര്‍ ഒളിച്ചിരിക്കുന്നതെന്നാണ് പൊലീസ് പറയുന്നത്. ഉത്തരമേഖലാ ഡി.ജി.പി രാജേഷ് ദിവാന്‍ മുക്കത്തെത്തിയിട്ടുണ്ട്. മുക്കം പോലീസ് സ്‌റ്റേഷനില്‍ ഉന്നത തല യോഗം വിളിച്ചു ചേര്‍ത്തു. പലയിടത്തും റോഡുകളില്‍ തടിക്കഷണങ്ങളും കല്ലുകളും കൂട്ടിയിട്ടിട്ടുണ്ട്. പലയിടത്തും റോഡില്‍ ടയറുകള്‍ കത്തിച്ചുകൊണ്ടിരിക്കുകയാണ്. കൊയിലാണ്ടി എടവണ്ണ സംസ്ഥാന പാതയിലെ ഗതാഗതം പൂര്‍ണമായും തടസ്സപ്പെട്ട നിലയിലാണ്.

ബുധനാഴ്ച രാവിലെയാണ് എരഞ്ഞിമാവില്‍ ഗെയില്‍ സമരസമിതി പ്രവര്‍ത്തകരും ഗെയില്‍ അധികൃതരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. തുടര്‍ന്ന് പോലീസ് നടത്തിയ ലാത്തിച്ചാര്‍ജ്ജില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. സംഘര്‍ഷത്തില്‍ രണ്ട് കെ.എസ്.ആര്‍.ടി.സി ബസ്സുകളും ഒരു പോലീസ് വാഹനവും തകര്‍ത്തു. രാത്രി മുക്കം പോലീസ് സ്‌റ്റേഷനു സമീപം സമരസമിതി പ്രവര്‍ത്തകരും പോലീസും തമ്മില്‍ ഏറ്റുമുട്ടി. ലാത്തിച്ചാര്‍ജ്ജിലും കണ്ണീര്‍വാതക പ്രയോഗത്തിലും നിരവധി പേര്‍ക്ക് പരിക്കുണ്ട്. അതേസമയം ആക്രമണത്തിന് പിന്നില്‍ തീവ്രവാദ സ്വഭാവമുള്ള സഘടനകളാണെന്നും പൊലീസ് പറയുന്നു. മലപ്പുറത്തെ ചില സംഘടനകളെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.