മഞ്ഞക്കടലിരമ്പത്തിനു തയ്യാറായിക്കോളു; ഐഎസ്എല്‍ ഉദ്ഘാടന മത്സരം കൊച്ചിയില്‍; ഫൈനല്‍ കൊല്‍ക്കത്തയില്‍

മുംബൈ:ഐ.എസ്.എല്‍ നാലാം സീസണിലെ ഉദ്ഘാടന മത്സരത്തിന്റെ വേദി മാറ്റി. കോല്‍ക്കത്തയില്‍ നിശ്ചയിച്ചിരുന്ന ഉദ്ഘാടന മത്സരം കൊച്ചിയിലേക്കാണ് മാറ്റിയത്. കേരള ബ്ലാസ്റ്റേഴ്‌സും അത്‌ലറ്റിക്കോ ഡി കോല്‍ക്കത്തയുമാണ് ഉദ്ഘാടന മത്സരത്തില്‍ ഏറ്റുമുട്ടുന്നത്. നവംബര്‍ 17നാണ് ഐഎസ്എല്‍ നാലാം സീസണ്‍ തുടങ്ങുന്നത്.

കഴിഞ്ഞ സീസണിലെ ഫൈനലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും കൊല്‍ക്കത്തയും തമ്മില്‍ എട്ടു മുട്ടിയപ്പോള്‍ കേരളത്തെ തോല്‍പ്പിച്ച് കൊല്‍ക്കത്ത കിരീടം നേടിയിരുന്നു.നവംബര്‍ 17നു രാത്രി നടക്കേണ്ട മല്‍സരമാണ് കൊച്ചിയിലേക്കു മാറ്റിയത്. ഇക്കാര്യം ഐ.എസ്.എല്‍ അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ഐ.എസ്.എല്‍ സെമിഫൈനല്‍, ഫൈനല്‍ വേദികള്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് പുതിയ മാറ്റം. ഇത്തവണ ഐ.എസ്.എല്‍ ഫൈനല്‍ കൊല്‍ക്കത്തയില്‍ നടത്താന്‍ നിശ്ചയിച്ചതോടെയാണ് ഉദ്ഘാടന മല്‍സരം കൊച്ചിയിലേക്ക് മാറ്റിയതെന്നാണ് ഔദ്യോഗിക വിശദീകരണം. ഫിഫ അണ്ടര്‍ 17 ലോകകപ്പ് ഫൈനല്‍ വിജയകരമായി പൂര്‍ത്തിയാക്കിയതിനു പിന്നാലെയാണ് ഐ.എസ്.എല്ലിലെ കലാശപ്പോര് കൊല്‍ക്കത്തയ്ക്കു ലഭിക്കുന്നത്.