കിഡംബി കുടുക്കി; റെക്കോര്‍ഡ് നേട്ടത്തിന് പുറമെ, ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനം സ്വന്തമാക്കി ബാഡ്മിന്റണ്‍ താരം കിഡംബി ശ്രീകാന്ത്
ന്യൂഡല്‍ഹി: സീസണില്‍ നാല് സൂപ്പര്‍സീരീസ് കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിന് പിന്നാലെ മറ്റൊരു ചരിത്രനേട്ടവുമായി കിഡംബി ശ്രീകാന്ത്. ലോക ബാഡ്മിന്റണ്‍ (ബി.ഡ.ബ്ല്യു.എഫ്) റാങ്കിംങ്ങിലെ പുതിയ പട്ടികയില്‍ ശ്രീകാന്ത് രണ്ടാം സ്ഥാനത്തെത്തി. കരിയറിലെ ഏറ്റവും മികച്ച നേട്ടമാണ് ശ്രീകാന്ത് കുറിച്ചിരിക്കുന്നത്. നിലവില്‍ നാലാം സ്ഥാനത്തായിരുന്നു ശ്രീകാന്ത്.
2015 ജൂണില്‍ മൂന്നാം റാങ്കിലെത്തിയതാണ് ഇതുവരെയുള്ള മികച്ച നേട്ടം. ചൈനീസ് താരം ലിന്‍ഡാനെയും കൊറിയന്‍ താരം സണ്‍വാന്‍ ഹോയെയും പിന്തള്ളിയാണ് ശ്രീകാന്ത് രണ്ടാംസ്ഥാനത്തെത്തിയത്. സീസണില്‍ ഇതുവരെ നാല് കിരീടങ്ങളാണ് ശ്രീകാന്തിന്റെ നേട്ടങ്ങളിലുള്ളത്. ഇന്‍ഡോനേഷ്യന്‍ ഓപ്പണ്‍ ജയിച്ച് വിജയഗാഥ തുടങ്ങിയ ശ്രീകാന്ത്.പിന്നീട് നടന്ന ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ഒളിമ്പിക് ചാമ്പ്യന്‍ ചെന്‍ ലോങ്ങിനെ തകര്‍ത്ത് ശ്രീകാന്ത് കിരീട നേട്ടം രണ്ടാക്കി.
അടുത്ത് നടന്ന ഡെന്മാര്‍ക്ക് ഓപ്പണിലും കിരീടം സ്വന്തം പേരിലാക്കിയ ശ്രീ കാന്ത് ഫ്രഞ്ച് ഓപ്പണിലും വിജയമാവര്‍ത്തിച്ചതോടെ സീസണില്‍ നാല് കിരീടമെന്ന റെക്കോര്‍ഡ് നേട്ടത്തിനുടമയായി.ഇപ്പോള്‍ ഇരട്ടി മധുരമെന്നോണം രണ്ടാം റാങ്കും.
നേരത്തെ ശ്രീകാന്തിനെ പത്മശ്രീ പുരസ്‌കാരത്തിനു ശിപാര്‍ശ ചെയ്തിരുന്നു. പാര്‍ലമെന്ററികാര്യമന്ത്രി വിജയ് ഗോയലാണ് ശ്രീകാന്തിനെ പത്മശ്രീ പുരസ്‌കാരത്തിനു ശിപാര്‍ശ ചെയ്തത്.