അന്‍വര്‍ എംഎല്‍എയുടെ തടയണ നിര്‍മാണം അനധികൃതമെന്ന് കളക്ടറുടെ റിപ്പോര്‍ട്ട്

മലപ്പുറം: പി.വി. അന്‍വര്‍ എം.എല്‍.എ ചീങ്കണ്ണിപ്പാറയില്‍ നിര്‍മിച്ചിരിക്കുന്ന തടയണ അനധികൃതമെന്ന് ജില്ലാ കളക്ടര്‍ റിപ്പോര്‍ട്ട്. പട്ടികജാതി കമ്മീഷനു നല്‍കിയ റിപ്പോര്‍ട്ടിലാണ് കളക്ടര്‍ ഇക്കാര്യം സൂചിപ്പിച്ചത്.

പ്രദേശത്തുള്ള ആദിവാസികളുടെ ഭൂമി കൈയേറിയാണ് എം.എല്‍.എ തടയണ നിര്‍മിചിരിക്കുന്നതെന്നാണ് കളക്ടര്‍ റിപ്പോര്‍ട്ട് നല്‍കിയിരിക്കുന്നത്. കളക്റ്ററുടെ റിപ്പോര്‍ട്ട്, കമ്മീഷന്‍ തിങ്കളാഴ്ച്ച പരിഗണിക്കും. ആദിവാസികളുടെ കുടിവെള്ള സ്രോതസ് തടസപ്പെടുത്തിയാണ് പി.വി അന്‍വര്‍ തടയണ നിര്‍മാണം നടത്തിയതെന്നും, മിച്ച ഭൂമി കേസ് അന്വേഷണം നടത്തുന്നുണ്ടെന്നും കളക്ടര്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ പി.വി. അന്‍വര്‍ എം.എല്‍ എ യുടെ ഉടമസ്ഥതയിലുള്ള അനധികൃത വാട്ടര്‍ തീം പാര്‍ക്കിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.