ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടി സച്ചിന് കേരളത്തില്‍; മുഖ്യമന്ത്രിയെ കണ്ടു; ഫുട്ബോളിന്റെ വളര്‍ച്ചക്ക് എല്ലാ പിന്തുണയും ഉറപ്പു നല്കി പിണറായി വിജയന്
തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് (ഐഎസ്എല്‍) ഈ മാസം 17ന് ആരംഭിക്കാനിരിക്കെ കേരള ബ്ലാസ്റ്റേഴ്സിനു പിന്തുണ തേടി ടീം ഉടമയും മുന്‍ ക്രിക്കറ്റ് താരവുമായ സച്ചിന് തെന്‍ഡുല്‍ക്കര്‍ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു. രാവിലെ കേരളത്തിലെത്തിയ അദ്ദേഹം സെക്രട്ടേറിയറ്റിലെ ഓഫിസിലെത്തിയാണ് മുഖ്യമന്ത്രിയെ കണ്ടത്. ഭാര്യ അഞ്ജലിയും സച്ചിനൊപ്പമുണ്ടായിരുന്നു.
ഐ.എസ്.എല്‍ നാലാം സീസണിന്റെ ഉദ്ഘാടന മല്‍സരം കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയനെ ക്ഷണിക്കാന്‍ വേണ്ടിയാണ് സച്ചിന് നേരിട്ടെത്തിയത്. കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണത്തേക്കാള്‍ മികച്ച പ്രകടനം കാഴ്ച വെക്കുമെന്ന് സച്ചിന് പറഞ്ഞു. ജയത്തേക്കാളുപരി നിലവാരമുള്ള ഫുട്ബോള്‍ കാഴ്ചവയ്ക്കുകയാണ് ലക്ഷ്യമെന്നും സച്ചിന് കൂട്ടിച്ചേര്‍ത്തു.
ഫുട്ബോള്‍ വളര്‍ച്ച ലക്ഷ്യമിട്ട് സച്ചിന് കേരളത്തില്‍ തുടങ്ങാനിരിക്കുന്ന ഫുട്ബോള്‍ അക്കാദമിയെക്കുറിച്ചും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. സംരംഭത്തിന് എല്ലാവിധ പിന്തുണയും പിണറായി വിജയന് വാഗ്ദാനം ചെയ്തു. കഴിഞ്ഞ വര്‍ഷവും സച്ചിന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
ഈമാസം 17ന് കൊല്‍ക്കത്തയില്‍ കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകളായ കേരളവും കൊല്‍ക്കത്തയും തമ്മില്‍ ഏറ്റുമുട്ടുന്നതോടെ ഐ.എസ്.എല്‍ ഫുട്ബോള്‍ മല്‍സരങ്ങള്‍ക്കു തുടക്കമാകും. 24നാണ് കേരളത്തിന്റെ കൊച്ചിയിലെ ആദ്യ മല്‍സരം. ബ്ലാസ്റ്റേഴ്സും ഐ.എസ്.എല്ലിലെ പുതിയ ടീമായ ജംഷഡ്പൂര്‍ എഫ്.സിയുമായാണ് കൊച്ചിയില്‍ ബ്ലാസ്റ്റേഴ്സ് ഏറ്റുമുട്ടുക.