വിവാഹത്തിനു മുമ്പേ മരിച്ചവരുടെ ആത്മാക്കള്‍ക്ക് കല്യാണവും ആദ്യ രാത്രിയും; വിചിത്രാചാരം വേറെങ്ങുമല്ല നമ്മുടെ സ്വന്തം കേരളത്തില്‍…!!
കണ്ണൂര്‍: സദ്യ വട്ടവും ആള്‍ക്കൂട്ടവും,കോട്ടും കുരവയുമൊക്കെയായി ഭൂമിയില്‍ ബന്ധുക്കള്‍ കല്യാണം നടത്തി; മൂന്നാംവയസില്‍ മരിച്ച രമേശനും രണ്ടാംവയസില്‍ മരിച്ച സുകന്യയും പരലോകത്ത് വച്ച് ഒന്നായി ദാമ്പത്യ ജീവിതത്തിലേക്ക് പ്രവേശിച്ചു. പരേതരുടെ കല്യാണമാണെങ്കിലും ബന്ധുക്കള്‍ ഒന്നിനും ഒരു കുറവും വരുത്തിയില്ല. ഭൂമിയിലെ ഒരു നിയമവും തെറ്റിച്ചില്ല. ഇരുവരുടെയും ആത്മാക്കള്‍ക്കു പ്രായപൂര്‍ത്തിയായശേഷമാണു കെട്ടിച്ചത്. കഴിഞ്ഞദിവസം കാസര്‍ഗോട്ടെ അതിര്‍ത്തിഗ്രാമമായ പെര്‍ളയിലായിരുന്നു ഈ വിചിത്രമായ പ്രേതക്കല്യാണം നടന്നത്.
മുന്‍പൊരിക്കലും കേട്ടുക്കേള്‍വിയില്ലെങ്കിലും, ഉത്തരകേരളത്തില്‍ കര്‍ണാടകത്തോടു ചേര്‍ന്ന അതിര്‍ത്തി ഗ്രാമങ്ങളിലാണു ദോഷപരിഹാരാര്‍ത്ഥം പ്രേതക്കല്യാണങ്ങള്‍ എന്ന വിചിത്രാചാരം മടങ്ങിയെത്തിയത്. കണ്‍മുന്നില്‍ വധൂവരന്‍മാര്‍ ഇല്ലെന്നതൊഴിച്ചാല്‍, പെണ്ണുചോദിക്കലും ജാതകപ്പൊരുത്തം നോക്കലും ഉള്‍പ്പെടെ മറ്റു ചടങ്ങുകളെല്ലാം സാധാരണ വിവാഹങ്ങളുടേതുപോലെതന്നെ. ശേഷം, ക്ഷണിക്കപ്പെട്ടവരെല്ലാം ‘സങ്കടക്കണ്ണീര്‍’ തുടച്ച്, സദ്യയുമുണ്ടു പിരിയും.
ഈ കല്ല്യാണം വെറും കുട്ടിക്കളിയല്ല. കുടുംബത്തിലെയും ഗ്രാമത്തിലെയും ദോഷപരിഹാരത്തിനും യുവതീയുവാക്കളുടെ മംഗല്യഭാഗ്യത്തിനുമായി ജ്യോത്സ്യനിര്‍ദേശപ്രകാരമാണു പ്രേതക്കല്യാണം നടത്തുന്നത്. വിവാഹത്തിനു മുമ്പേ മരിച്ച ഹതഭാഗ്യരുടെ ആത്മാക്കളെയാണ് ഇങ്ങനെ ”പിടിച്ചുകെട്ടിക്കുന്നത്”.
കുടുംബത്തിലോ ഗ്രാമത്തിലോ എന്തെങ്കിലും അനിഷ്ടസംഭവങ്ങളുണ്ടാവുകയും പ്രതിവിധിയായി ജോത്സ്യന്‍ പ്രേതക്കല്യാണം നിര്‍ദേശിക്കുകയും ചെയ്താല്‍ ചടങ്ങുകള്‍ക്കു തുടക്കമായി. കുടുംബത്തില്‍ വിവാഹം നടക്കാതെ മരിച്ചയാള്‍ക്കു പെണ്ണുതേടലാണ് ആദ്യം. സുന്ദരിയും സുശീലയും ”പരേതയു”മായ പെണ്‍കുട്ടിയെ സ്വസമുദായത്തില്‍നിന്നുതന്നെ കണ്ടെത്തും. മിശ്രവിവാഹങ്ങള്‍ പ്രോത്സാഹിപ്പിക്കണമെന്നൊക്കെ കോടതി പറഞ്ഞാലും പ്രേതങ്ങള്‍ക്കു മിശ്ര വിവാഹം നടത്താനുള്ള വകുപ്പില്ല. ജാതകങ്ങള്‍ തമ്മില്‍ ചേര്‍ന്നാല്‍ വിവാഹത്തീയതി കുറിക്കുകയായി. പിന്നെ തിരക്ക് പിടിച്ച ഓട്ടമാണ്. കുടുംബക്കാരെയും നാട്ടുകാരെയും കല്യാണക്കുറി നല്‍കിത്തന്നെ ക്ഷണിക്കും. വിവാഹം വധൂഗൃഹത്തിലാണ് നടക്കുക.
ചടങ്ങുകള്‍ ഒന്ന് പോലും മുറ തെറ്റാതെ നടക്കും. പരേതരായ വധൂവരന്‍മാരുടെ രൂപമുണ്ടാക്കി വിവാഹവസ്ത്രങ്ങള്‍ അണിയിക്കും. മോതിരം കൈമാറി മാലയിട്ടാല്‍ ഇരുവരും ദമ്പതികളായി. തുടര്‍ന്ന് സദ്യയുണ്ട്, പ്രേത നവവധുവുമായി വരന്റെ ആത്മാവും കൂട്ടരും മടങ്ങും. ഗൃഹപ്രവേശത്തിനുശേഷം വധൂവരന്‍മാരെ പാലച്ചോട്ടില്‍ കുടിയിരുത്തും. ”ആദ്യരാത്രി”യില്‍ ആത്മാക്കളെ അവരുടെ പാട്ടിനുവിടുന്നതോടെ ചടങ്ങുകള്‍ അവസാനിക്കും. കര്‍ണാടകത്തിലെ ഗ്രാമങ്ങളിലും പ്രേതക്കല്യാണങ്ങള്‍ നടക്കാറുണ്ട്. അവിടെ പക്ഷേ, ചടങ്ങുകള്‍ കുറേക്കൂടി ലളിതമാണ്.
വിവാഹിതരാകാതെ മരിക്കുന്നവരുടെ ആത്മാക്കള്‍ക്കു മോക്ഷം ലഭിക്കില്ലെന്നും അവര്‍ വീട്ടുകാര്‍ക്കു ശല്യമുണ്ടാക്കുമെന്നുമാണ് ഈ ആചാരത്തിനു പിന്നിലെ വിശ്വാസം. വിശ്വാസം.. അതല്ലേ… എല്ലാം….!