മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നത്തിനുള്ള സമയ പരിധി ഫെബ്രുവരി 6 വരെ നീട്ടി
ന്യൂഡല്‍ഹി: മൊബൈല്‍ ഫോണ്‍ ഉപഭോക്താക്കള്‍ക്ക് തങ്ങളുടെ മൊബൈല്‍ നമ്പര്‍ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള അവസാന തിയതി കേന്ദ്രസര്‍ക്കാര്‍ ഫെബ്രുവരി ആറാക്കി ഉയര്‍ത്തി. സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം അറിയിച്ചത്.
മൊബൈല്‍ കണക്ഷന്‍ എടുക്കുന്നതിനും ബാങ്ക് അക്കൗണ്ടുകള്‍ തുടങ്ങുന്നതിനും ആധാര്‍ നിര്‍ബന്ധമാക്കിയിട്ടുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. കഴിഞ്ഞദിവസം സുപ്രീം കോടതിയില്‍ സമര്‍പ്പിച്ച 113 പേജുള്ള സത്യവാങ്മൂലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യങ്ങള്‍ വിശദീകരിച്ചിരിക്കുന്നത്. ബാങ്ക് അക്കൗണ്ടുകളെ ആധാറുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിയതായും സര്‍ക്കാര്‍ സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
ആധാര്‍ വിവരങ്ങള്‍ അതീവ സുരക്ഷയോടെയാണ് സംരക്ഷിക്കുന്നതെന്നും ഇതുവരെ ആധാര്‍ വിിവരങ്ങള്‍ ശേഖരിച്ച യു.ഐ.ഡി.എ.ഐ സെര്‍വറുകള്‍ ഹാക്കിങ് അടക്കമുള്ള സൈബര്‍ ആക്രമണങ്ങള്‍ നേരിട്ടിട്ടില്ലെന്നും സര്‍ക്കാര്‍ സുപ്രീം കോടതിയെ ബോധിപ്പിച്ചിട്ടുണ്ട്
അതേസമയം, ആധാര്‍ പദ്ധതി ഭരണഘടനാ വിരുദ്ധമെന്നാരോപിച്ചുള്ള ഏതാനും ഹര്‍ജികള്‍ സുപ്രീം കോടതി ഇന്നു പരിഗണിക്കും. കല്യാണി സെന്‍ മേനോന്‍, മാത്യു തോമസ് തുടങ്ങിയവരുടെ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുക. ബാങ്ക് അക്കൗണ്ട്, മൊബൈല്‍ നമ്പര്‍ തുടങ്ങിയവ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ കല്യാണി സെന്‍ മേനോന്‍ ചോദ്യം ചെയ്യുന്നു.