രജനികാന്തിന്റെ 2.0 റിലീസ് തിയതി പ്രഖ്യാപിച്ചു; ചിത്രമെത്തുന്നത് ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളില്‍

പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന രജനികാന്ത് ചിത്രം 2.0 ജനുവരി 25ന് തിയറ്ററുകളിലെത്തും. ലോകമൊട്ടാകെ 10,000 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയുന്നത്. ആദ്യ ദിനം തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഇന്ത്യന്‍ റിലീസിന് ശേഷമാകും വിദേശ ഭാഷകളില്‍ ചിത്രം പുറത്തിറങ്ങുക.

ചിത്രത്തില്‍ ബോളിവുഡ് നടന്‍ അക്ഷയ് കുമാര്‍ പ്രതിനായാകാനായി എത്തുന്നു എന്നായിരുന്നു ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അക്ഷയ് കുമാറിന്റെ വേഷം പ്രതിനായകസ്വഭാവത്തിലുള്ളതല്ല എന്ന് ഡെക്കാണ്‍ ക്രോണിക്കിള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകരാണ് ചിത്രത്തിലെ അക്ഷയ് കുമാറിന്റെ കഥാപാത്രത്തെ പറ്റി വിശദീകരിച്ചത്.

450 കോടി മുതല്‍മുടക്കില്‍ എത്തുന്ന ചിത്രത്തില്‍ ആമി ജാക്‌സണ്‍ ആണ് നായിക. നിരവ് ഷാ ഛായാഗ്രഹണവും എ.ആര്‍.റഹ്മാന്‍ സംഗീതവും നിര്‍വഹിക്കുന്നു. ത്രീഡിയില്‍ ചിത്രീകരിക്കുന്ന സിനിമയില്‍ ഹോളിവുഡിലെ മികച്ച സാങ്കേതിക വിദഗ്ധരും ഒന്നിക്കുന്നു. ജുറാസിക് പാര്‍ക്, അയണ്‍മാന്‍, അവഞ്ചേഴ്‌സ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച അമേരിക്കയിലെ ഏറ്റവും മികച്ച അനിമട്രോണിക്‌സ് കമ്പനിയായ ലെഗസി ഇഫക്റ്റ്‌സ് ആണ് സിനിമക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നത്.