തോല്‍വിയില്‍ ഉഴറുന്ന റയലിന് വീണ്ടും തിരിച്ചടി; റയലുമായി കരാര്‍ പുതുക്കാനില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
മാഡ്രിഡ്:ചാമ്പ്യന്‍സ് ലീഗിലും, ലാ ലീഗയിലും തിരിച്ചടി നേരിടുന്ന റയല്‍ മാഡ്രിഡിന് കനത്ത ആഘാതമായി മറ്റൊരു വാര്‍ത്ത. റയലുമായി ഇനി കരാര്‍ പുതുക്കില്ലെന്നു വ്യക്തമാക്കി സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ രംഗത്തെത്തിയതോടെ റയല്‍ ആരാധകര്‍ ആശങ്കയിലാണ്.
ചാമ്പയ്ന്‍സ് ലീഗിലെ ഗ്രൂപ്പ് ഘട്ടത്തില്‍ ടോട്ടന്‍ഹാം ഹോസ്പറിനോട് തോറ്റതിനു പിന്നാലെയാണ് ബീയിന്‍ സ്‌പോര്‍ട്‌സിനു നല്‍കിയ അഭിമുഖത്തില്‍ താരം ഇക്കാര്യം വെളിപ്പെടുത്തിയത്.
റയലിനു വേണ്ടി മികച്ച കളി പുറത്തെടുക്കുന്നുണ്ടെന്നും, ഞാനിപ്പോള്‍ ഇവിടെ സന്തുഷ്ടനാണെന്നും, ഇനിയും നാലു വര്‍ഷം എന്റെ കരാറില്‍ ബാക്കിയുണ്ടെന്നും അതിനു ശേഷം കരാര്‍ പുതുക്കാന്‍ താല്‍പര്യമില്ലെന്നും റൊണാള്‍ഡോ പറഞ്ഞു.
രണ്ടു വര്‍ഷം അടുപ്പിച്ച് ചാമ്പ്യന്‍സ് ലീഗ് ജേതാക്കളായ റയലിന്റെ ഇപ്പോഴത്തെ ഫോമില്‍ താരം നിരാശ പ്രകടിപ്പിച്ചു. എപ്പോഴും വിജയിച്ചു കൊണ്ടിരുന്ന ടീം പെട്ടെന്നു തോല്‍ക്കാന്‍ തുടങ്ങുന്നതില്‍ കടുത്ത നിരാശയുണ്ടെന്നും ടീം എന്ന നിലയില്‍ അതു പരിഹരിച്ച് മുന്നോട്ടു പോവുക തന്നെ ചെയ്യുമെന്നും റൊണാള്‍ഡോ പറഞ്ഞു.
ഫുട്‌ബോളില്‍ മാറ്റങ്ങള്‍ സര്‍വ്വസാധാരണമാണെന്നും റയലിന്റെ ഈ അവസ്ഥക്കും മാറ്റം വരുമെന്നും റൊണാള്‍ഡോ അഭിപ്രായപ്പെട്ടു. ടോട്ടന്‍ഹാം ഹോസ്പറുമായുള്ള കളിയില്‍ റയലിന്റെ ഏക ഗോള്‍ നേടിയത് റൊണാള്‍ഡോ ആയിരുന്നു. നിലവില്‍ ആറ് ഗോളുകളുമായി ചാംപ്യന്‍സ് ലീഗ് ടോപ് സ്‌കോററാണ് റൊണാള്‍ഡോ.