കേരള നിരത്തില്‍ ബോധവല്‍ക്കരണവുമായി സച്ചിന്‍; വീഡിയോ വൈറല്‍

കോട്ടയം: ‘ബൈക്കില്‍ യാത്ര ചെയ്യുമ്പോള്‍ പിന്നിലുള്ളയാളും ഹെല്‍മറ്റ് ധരിച്ചാല്‍ നമുക്കതു കൂടുതല്‍ സുരക്ഷയുറപ്പാക്കും’. പറയുന്നത് മറ്റാരുമല്ല സാക്ഷാല്‍ ക്രിക്കറ് ദൈവം സച്ചിനാണ്. ആരോടാണിത് പറഞ്ഞതെന്നല്ലെ.. കേരളത്തിലെ ഏതോ റോഡിലൂടെ സഞ്ചരിക്കുമ്പോഴാണ് ബൈക്കിനു പിന്നില്‍ ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്തയാളെ ഹെല്‍മറ്റ് ധരിക്കാന്‍ സച്ചിന്‍ ഉപദേശിച്ചത്. ബൈക്ക് യാത്രികര്‍ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവാശ്യകത പറഞ്ഞു കൊടുക്കുന്ന വീഡിയോ ഫെയ്‌സ്ബുക്കില്‍ സച്ചിന്‍ പങ്കു വക്കുകയുണ്ടായി.

ഈ സ്ഥലമേതാണെന്ന് വിഡിയോയില്‍ വ്യക്തമല്ല. തന്റെ ഔദ്യോഗിക ഫെയ്‌സ്ബുക് പേജിലാണ് താരം ഈ വിഡിയോ പങ്കുവച്ചത്. വിഡിയോ അപ്‌ലോഡ് ചെയ്ത് നിമിഷങ്ങള്‍ക്കകം വന്‍ പ്രതികരണമാണ് ഇതിനു ലഭിച്ചത്.ഉപദേശം കേട്ട് തിരിഞ്ഞു നോക്കുന്ന പലരേയും ആദ്യമൊന്നു അമ്പരന്നെങ്കിലും, ചിലര്‍ സച്ചിനെ പിന്തുടരുന്നുമുണ്ട്. ഇവരോടും റോഡ് സുരക്ഷയെക്കുറിച്ച് സച്ചിന്‍ സംസാരിക്കുന്നണ്ട്.

വാഹനത്തിന്റെ വേഗത കുറയുന്ന സമയത്ത് അടുത്തെത്തിയ ആരാധകരോടാണ് ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സച്ചിന്‍ വിശദീകരിക്കുന്നത്. ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്താല്‍ മുന്നിലുള്ളയാള്‍ക്ക് മാത്രമല്ല പിന്നില്‍ ഇരിക്കുന്നയാള്‍ക്കും പരുക്കേല്‍ക്കാമെന്ന് ചൂണ്ടിക്കാട്ടിയാണ് സച്ചിന്‍ സ്‌നേഹോപദേശം നല്‍കിയത്.

വീഡിയോയ്ക്ക് താഴെ സച്ചിനെ അഭിനന്ദിച്ച് സന്ദേശങ്ങള്‍ കുമിഞ്ഞുകൂടുകയാണ്. അതേസമയം, സച്ചിനെ സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ‘ഉപദേശിക്കുന്ന’ പ്രതികരണങ്ങളും കുറവല്ല.

ഐ.എസ്.എല്‍ നാലാം സീസണിനു തുടക്കമാകാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനു പിന്തുണ അഭ്യര്‍ഥിച്ച് സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിക്കാനായി കേരളത്തിലെത്തിയിരുന്നു. ഈ സമയത്തു പകര്‍ത്തിയ വിഡിയോ ആണിതെന്ന് കരുതുന്നു. മുന്‍പും സമാനമായ വിഡിയോയിലൂടെ ഹെല്‍മറ്റ് ധരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് സച്ചിന്‍ ബോധവല്‍ക്കരണം നടത്തിയിരുന്നു. നാളെയാണ് കേരളം ബ്ലാസ്റ്റേഴ്‌സിന്റെ ജഴ്‌സിയുടെ പ്രകാശനം നടക്കുന്നത്.