ഷാരൂഖിന്റെ പിറന്നാളാഘോഷം ആരാധകര്‍ക്ക് നഷ്ടക്കച്ചവടം;ആഘോഷത്തിനിടെ കള്ളന്‍ അടിച്ചോണ്ട് പോയത് 13 മൊബൈല്‍ ഫോണുകള്‍
ബോളിവുഡ് താരങ്ങളുടെ പിറന്നാള്‍ ദിനം ഉത്സവമായി കൊണ്ടാടുന്നവരാണ് മിക്ക ആരാധകരും. ഇതില്‍ ബോളിവുഡിന്റെ ‘കിങ് ഖാന്‍’ ഷാരുഖ് ഖാന്റെ പിറന്നാള്‍ ആരാധകര്‍ ‘വേറെ ലെവലിലാ’ണ് ആഘോഷിക്കുന്നത്.പക്ഷെ ഷാരൂഖിന്റെ ജന്മദിനാഘോഷത്തിന് പോയ ആരാധകര്‍ക്ക് വന്‍ നഷ്ട്ടമുണ്ടായതാണ് പുതിയ വാര്‍ത്ത. ഷാരൂഖിന്റെ ജന്മദിനം ആഘോഷമാക്കവേ ആരാധകര്‍ക്ക് തങ്ങളുടെ മൊബൈല്‍ ഫോണുകള്‍ നഷ്ട്ടമായതായി പരാതി ഉയര്‍ന്നിട്ടുണ്ട്. ബാന്ദ്രയിലെ ബംഗ്ലാവില്‍ നടന്ന പിറന്നാള്‍ ആഘോഷത്തിനിടെ ആരാധകരുടെ കൈയില്‍ നിന്നും പതിമൂന്ന് മൊബൈല്‍ ഫോണുകള്‍ മോഷ്ടിക്കപ്പെട്ടുവെന്നാണ് പരാതി.
പിറന്നാള്‍ ആഘോഷത്തിന് സൂപ്പര്‍താരത്തിന്റെ വീടിന് പുറത്ത് തടിച്ചുകൂടിയവര്‍ക്കാണ് ഫോണ്‍ നഷ്ടമായത്. ആരാധകരെ അഭിവാദ്യം ചെയ്യാനായി ഷാരൂഖ് അലിബാഗ് ബംഗ്ലാവിന്റെ മട്ടുപ്പാവില്‍ വന്നപ്പോഴുണ്ടായ തിക്കിനും തിരക്കിനുമിടയിലാകാം ഫോണുകള്‍ മോഷണം പോയതെന്നാണ് വിലയിരുത്തപ്പെടുന്നത്.ഫോണ്‍ നഷ്ടപ്പെട്ടതായി കാണിച്ച് പതിമൂന്ന് പേരാണ് പോലീസില്‍ പരാതി നല്‍കിയത്. കൂടാതെ താരത്തെ കാണാനുണ്ടായ തിക്കിലും തിരക്കിലും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരിലും മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ടവരിലും ജാര്‍ഖണ്ഡ്, ചത്തീസ്ഗഡ് തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നെത്തിയവര്‍ വരെയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കിങ് ഖാന്റെ പിറന്നാള്‍ ആഘോഷത്തിന് ബോളിവുഡിലെ വമ്പന്‍ നിരതന്നെ ബലിബാഗ് ബംഗ്ലാവിലെത്തിയിരുന്നു. കരണ്‍ ജോഹര്‍, ദീപിക പദുക്കോണ്‍, ആലിയ ഭട്ട്, സിദ്ധാര്‍ഥ് മല്‍ഹോത്ര, ഫറ ഖാന്‍, ശ്വേത ബച്ചന്‍, സുസെയ്ന്‍ ഖാന്‍ തുടങ്ങിയവരായിരുന്നു അതിഥികളിലെ പ്രമുഖര്‍.
കേക്ക് മുരിക്കലൊക്കെ കഴിഞ്ഞ് മകന്‍ അഭ്‌റാമിനെയും എടുത്ത് ഷാരൂഖ് ബംഗ്ലാവിന്റെ മട്ടുപ്പാവിലെത്തി ആരാധകരെ അഭിവാദ്യം ചെയ്യാനെത്തിയതോടെ ആവേശത്തിലായി ആരാധകര്‍ ഇളകിമറിയുകയായിരുന്നു. ഇതാണ് വലിയ തിക്കിലും തിരക്കിലും കലാശിച്ചത്.