‘സഖാ..നീങ്ക നമ്മക്ക് തലൈവ..’ മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തമിഴ് മാധ്യമങ്ങള്‍; കാര്യശേഷിയും, നിശ്ചയ ദാര്‍ഢ്യവുമുള്ള പിണറായിക്ക് അഭിനന്ദനമറിയിച്ച് തമിഴ് മാധ്യമം
ചെന്നൈ: ഭരണ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് കേരള മുഖ്യമന്ത്രി പിണറായി വിജയനെ വാനോളം പുകഴ്ത്തി തമിഴ് മാധ്യമങ്ങള്‍. മുഖ്യമന്ത്രിയായ ശേഷം പിണറായി നടത്തുന്ന ഇടപെടലുകള്‍ രാജ്യത്തെ മത നിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്ന തരത്തിലുള്ളതാണെന്ന് തമിഴ് മാധ്യമങ്ങള്‍ പറയുന്നു.
തമിഴ് സംവിധായകന്‍ ബാലയും കഴിഞ്ഞ ദിവസം പിണറായി വിജയനെ പ്രകീര്‍ത്തിച്ച് രംഗത്തെത്തിയിരുന്നു. പിണറായി തങ്ങളുടെ തലൈവയാണ്,കരുത്തും ആര്‍ജ്ജവവുമുള്ള പിണറായിയെപോലൊരു നേതാവിനായി തമിഴ്‌നാട് കാത്തിരിക്കുകയാണെന്നും ബാല പറഞ്ഞിരുന്നു.ഇതിനു പിന്നാലെയായാണ് പിണറായിയുടെ കാര്യശേഷിയെ വാഴ്ത്തി പ്രമുഖ തമിഴ് മാധ്യമമായ വികടന്‍ രംഗത്തെത്തിയത്. തമിഴകത്ത് ഏറ്റവും പ്രചാരമുള്ള മാസികയായ വികടന്‍ കാര്യകാരണസഹിതം പിണറായിയുടെ മികവും ആര്‍ജ്ജവവും വര്‍ണിച്ചിരിക്കുന്നുണ്ട്.
മഹാനായ മുഖ്യമന്ത്രി എന്ന തലക്കെട്ടോടുകൂടിയാണ് വികടനിലെ ലേഖനം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷമാണ് ഒരു ഭരണാധികാരിയെക്കുറിച്ച് നല്ലത് പറയാന്‍ അവസരം കിട്ടുന്നത് എന്നുപറഞ്ഞാണ് ലേഖനം ആരംഭിക്കുന്നത്. പിണറായിക്കുള്ള അയല്‍വാസിയുടെ അഭിനന്ദനമാണിതെന്നും ലേഖനം പറയുന്നു. ജയലളിതയ്ക്ക് ശേഷം തമിഴ്‌നാട്ടില്‍ ഭരണരംഗം മരവിച്ച് കിടക്കുമ്പോള്‍ അയല്‍സംസ്ഥാനമായ കേരളത്തില്‍ സര്‍വ്വമേഖലയിലും കുതിപ്പ് നല്‍കുന്ന ഭരണാധികാരിയെ അഭിനന്ദിക്കാതെ വയ്യെന്നും വികടന്‍ വ്യക്തമാക്കുന്നു.
അഴിമതിയില്‍ മുങ്ങികിടന്ന സംസ്ഥാനഭരണത്തെ ശുദ്ധീകരിക്കാന്‍ മുഖ്യമന്ത്രിയെന്ന നിലയില്‍ പിണറായി നടത്തിയ ശ്രമങ്ങളെയും ലേഖനം എടുത്ത് കാട്ടുകയും,അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്. നന്മ നിറയുന്ന സന്ദേശങ്ങളാണ് കേരളത്തില്‍നിന്ന് ലഭിക്കുന്നത്. അബ്രാഹ്മണരെ പൂജാരിമാരാക്കിയ പിണറായി സര്‍ക്കാരിന്റെ തീരുമാനം രാജ്യത്തിന് മാതൃകയാണ്.ഭരണകൂടത്തിന്റെ നിശ്ചയദാര്‍ഡ്യമാണ് ഇതിലൂടെ പ്രകടമായതെന്നും കേരളത്തിന് അഭിമാനിക്കാവുന്ന നേട്ടമാണിതെന്നും ലേഖനത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന സര്‍ക്കാര്‍ നിലപാടും ഭരണത്തിന്റെ നേട്ടമാണ്.
കൊച്ചി മെട്രോയില്‍ ഭിന്നലിംഗക്കാര്‍ക്ക് ജോലി നല്‍കിയത്, ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് ഒരുക്കിയത്, സ്‌കൂളികളില്‍ പെണ്‍കുട്ടികള്‍ക്കായി സാനിറ്ററി നാപ്കിന്‍ മെഷീനുകള്‍ സ്ഥാപിച്ചത്, സ്ത്രീ സുരക്ഷയ്ക്കായുളള പിങ്ക് പട്രോള്‍, വികലാംഗര്‍ക്കുള്ള സാമൂഹ്യ സുരക്ഷാ പദ്ധതികള്‍ തുടങ്ങി പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പദ്ധതികളെല്ലാം വികടനില്‍ എണ്ണിപ്പറയുന്നുണ്ട്.
നോട്ട് നിരോധനത്തിനെതിരായ സമരങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് പങ്കെടുത്തത് പിണറായിയുടെ ധീരത തുറന്നുകാട്ടുന്നതാണ്. കേന്ദ്രത്തിന്റെ കന്നുകാലി കശാപ്പ് നിരോധനത്തിനെതിരെ യുദ്ധം പ്രഖ്യാപിച്ച ഏക മുഖ്യമന്ത്രി പിണറായിയാണ്. എന്ത് കഴിക്കണമെന്ന വ്യക്തിസ്വാതന്ത്യത്തില്‍ കേന്ദ്രം കൈകടത്തിയപ്പോള്‍ പ്രതിഷേധത്തിന് നേതൃത്വം നല്‍കിയത് പിണറായിക്ക് അഭിമാനനേട്ടമാണെന്നും ലേഖനം ചൂണ്ടികാട്ടുന്നു.