ട്വിറ്റര്‍ ജീവനക്കാരന്‍ ജോലി നിര്‍ത്തി പോയത് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടും പൂട്ടിച്ചിട്ട്

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ടാണ് ജോലി നിര്‍ത്തി പോയ ട്വിറ്റര്‍ ജീവനക്കാരന്‍ പൂട്ടിയത്. രാത്രി ഏഴു മണിയോടെയായിരുന്നു ട്രംപിന്റെ ട്വീറ്റര്‍ പേജ് നിലവിലില്ലെന്ന സന്ദേശം അദ്ദേഹത്തിന്റെ പേജില്‍ പ്രത്യക്ഷപ്പെട്ടത്. ഈ പേജ് നിലിവില്ലെന്ന സന്ദേശമായിരുന്നു അദ്ദേഹത്തിന്റെ പേജ് സന്ദര്‍ശിച്ചവര്‍ക്ക് ലഭിച്ചത്. എന്നാല്‍ മാനുഷികമായ കൈപ്പിഴവ് മൂലം ട്രംപിന്റെ ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി നിര്‍ജീവമായതാണെന്നായിരുന്നു ട്വിറ്റര്‍ വക്താവ് അദ്യം പറഞ്ഞത്. പിന്നീട് ഇത് അവര്‍ തന്നെ തിരുത്തി. അന്വേഷണത്തില്‍ ഇത് ഒരു ജീവനക്കാരന്‍ തന്നെ ചെയ്തതാണെന്നും സ്ഥാപനത്തിലെ തന്റെ അവസാന ദിവസമാണ് ഇയാള്‍ ഇത് ചെയ്തതെന്നും ട്വിറ്റര്‍ വിശദീകരിച്ചു.

നാലു കോടി 17 ലക്ഷം പേരാണ് ട്വിറ്ററില്‍ ട്രംപിനെ പിന്തുടരുന്നത്. പലപ്പോഴും വിവാദമായ പോസ്റ്റുകളുമായി ട്രംപ് സ്ഥിരമായി ഇടപെടാറുള്ള realdonaldtrump എന്ന അക്കൗണ്ടാണ് കാണാതായത്. ഇതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ഊഹോപോഹങ്ങളും ട്രോളുകളുമിറങ്ങി. അക്കൗണ്ട് അപ്രത്യക്ഷമായതിനെക്കുറിച്ച് ട്രംപ് ഇതുവരെ ഒന്നും പ്രതികരിച്ചിട്ടില്ല. അതേസമയം, വൈറ്റ് ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടായ @POTUS ന് പ്രശ്നങ്ങളൊന്നുമുണ്ടായില്ല. രണ്ടു കോടിയിലധികം പേരാണ് ഈ പേജ് ഫോളോ ചെയ്യുന്നത്.