കള്ളനു വേണ്ടി ഒരുക്കിയ കെണിയില്‍ കുടുങ്ങിയത് കള്ളക്കാമുകന്‍; ചോദ്യം ചെയ്തപ്പോള്‍ നാട്ടുകാര്‍ ഞെട്ടി, ഒടുവില്‍ ട്വിസ്റ്റ്

വരാപ്പുഴ: എറണാകുളം ജില്ലയിലെ വരാപ്പുഴയില്‍ കഴിഞ്ഞ ദിവസം നടന്ന സംഭവം രസകരവും പക്ഷെ ഞെട്ടിക്കുന്നതുമാണ്. പ്രദേശത്ത് കള്ളന്‍മാരുടെ ശല്യം രൂക്ഷമായതിനെ തുടര്‍ന്ന് ഇവിടെ നാട്ടുകാര്‍ സംഘടിച്ച് കുറച്ചു ദിവസമായി രാത്രി നിരീക്ഷണത്തിലായിരുന്നു. കള്ളന് വേണ്ടി ഉറക്കമിളിച്ചിരുന്ന നാട്ടുകാരുടെ മുന്നിലേക്ക് പക്ഷെ ചെന്നുപെട്ടത് 17കാരനായ കാമുകനായിരുന്നു. സംഭവമിങ്ങനെ

പ്രദേശത്ത് മോഷണം സ്ഥിരമായി നടക്കാന്‍ തുടങ്ങിയതോടെയാണ് നാട്ടുകാര്‍ സംഘടിച്ച് കള്ളനെ പിടികൂടാന്‍ തീരുമാനിച്ചത്. അങ്ങനെ ഉറക്കമൊഴിച്ച് കള്ളനെ പിടികൂടാന്‍ നാട്ടുകാര്‍ നടത്തിയ തിരച്ചിലിലാണ് വീട്ടുവളപ്പില്‍ പതുങ്ങിനില്‍ക്കുന്ന 17 കാരനെ കണ്ടെത്തിയത്. ഇതോടെ ഇതു തന്നെയാണ് കള്ളനെന്നും നാട്ടുകാര്‍ കരുതി.നാട്ടുകാരുടെ കൈയ്യിലകപ്പെട്ട കൗമാരക്കാരനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുണ്ടായത്.

താന്‍ കള്ളനല്ലെന്നും പ്രദേശത്തുള്ള 14 കാരിയായ കാമുകിയെ കാണാനാണ് വന്നതെന്നും കൗമാരക്കാരന്‍ നാട്ടുകാരോട് വെളിപ്പെടുത്തി. തുടര്‍ന്ന് പെണ്‍ക്കുട്ടിയെ കണ്ടെത്തി ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ സഹായത്തോടെ കൗണ്‍സിലിങിനു വിധേയയാക്കിയപ്പോഴാണ് 17 കാരന്‍ പറഞ്ഞത് സത്യമാണെന്ന് തെളിഞ്ഞത്.

കഴിഞ്ഞ ഒന്നര മാസത്തോളമായി 17 കാരന്‍ രാത്രിയില്‍ രഹസ്യമായി വീട്ടില്‍ വന്നിരുന്നതായും പെണ്‍കുട്ടി വെളിപ്പെടുത്തി. ഇതേതുടര്‍ന്നു പോക്‌സോ നിയപ്രകാരം വരാപ്പുഴ പോലീസ് കൗമാരക്കാരനെതിരേ കേസെടുത്തിട്ടുണ്ട്.