കളം നിറഞ്ഞ് കളിക്കണം, മികച്ചവരാകണം; അണ്ടര്‍–19 ഏഷ്യന്‍ യോഗ്യത മത്സരങ്ങള്‍ക്ക് ഇന്ന് തുടക്കം ; ഇന്ത്യ ഇന്ന് സൗദിക്കെതിരെ

ദമാം:എ.എഫ്.സി അണ്ടര്‍–19 യോഗ്യതാ ചാംപ്യന്‍ഷിപ്പിന് ഇന്ന് തുടക്കം. ഉദ്ഘാടന മല്‍സരത്തില്‍ ഇന്ത്യ ഇന്നു സൗദി അറേബ്യയെ നേരിടും. ഇന്ത്യന്‍ സമയം രാത്രി 9.35നാണ് മല്‍സരം. അണ്ടര്‍–17 ലോകകപ്പിന്റെ ആവേശം ഉള്‍ക്കൊണ്ടു ടീം മികച്ച പ്രകടനം നടത്തുമെന്നു പരിശീലകന്‍ നോര്‍ട്ടന്‍ ഡി മാറ്റോസ് പറഞ്ഞു.

ലോകകപ്പ് കളിച്ച മലയാളി താരം കെ.പി.രാഹുല്‍ ഉള്‍പ്പെടെയുള്ള അണ്ടര്‍–17 ലോകകപ്പ് താരങ്ങളും അണ്ടര്‍–19 സാഫ് ചാംപ്യന്‍ഷിപ് കളിച്ച താരങ്ങളും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീം. യെമന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍ എന്നിവരാണു ഗ്രൂപ്പിലെ മറ്റു ടീമുകള്‍. ടൂര്‍ണമെന്റിനു മുന്‍പ് ഇന്ത്യന്‍ ടീം ഖത്തറില്‍ പര്യടനം നടത്തിയിരുന്നു. ഖത്തര്‍ അണ്ടര്‍–19 ടീമിനോടു 0–1നു തോറ്റ ഇന്ത്യ, അല്‍ ഗരാഫ ക്ലബിനെതിരെ 3–1നു ജയിച്ചു.

ഇന്ത്യയില്‍ നടന്ന അണ്ടര്‍17 ലോകകപ്പില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ പുറത്തായെങ്കിലും പോരാട്ടവീര്യമുള്ള കളിയാണ് ഇന്ത്യന്‍ ടീം പുറത്തെടുത്തത്. പ്രതീക്ഷിച്ചതിനെക്കാളും കാണികളും ഇന്ത്യയുടെ മത്സരം കാണാനെത്തിയിരുന്നു.മൂന്നു മത്സരങ്ങളിലും തോറ്റെങ്കിലും ഇന്ത്യന്‍ കൗമാരപ്പടക്ക് ആരാധകരില്‍ നിന്ന് മികച്ച പിന്തുണയാണ് ലഭിച്ചത്.അതുകൊണ്ടു തന്നെ ഈ ടീമില്‍ ഇന്ത്യന്‍ ആരാധകര്‍ ചില പ്രതീക്ഷകളും വച്ച് പുലര്‍ത്തുന്നുണ്ട്.

നല്ല രീതിയില്‍ ലോകക്കപ്പ് നടത്താന്‍ ഇന്ത്യ കാണിച്ച ഉത്സാഹം ഫുട്ബോളിന്റെ വളര്‍ച്ചക്കും കാണിക്കുമെന്ന് കരുതാം. കരുതലോടെ കരുത്തേകിയാല്‍ ഇന്ത്യന്‍ കൗമാര നിരയ്ക്ക് മികച്ച ടീമായി ഉയരാന്‍ കഴിയും. അതിന്റെ പ്രാഥമിക ഘട്ടമെന്നോണം ഏഷ്യയില്‍ വന്‍ ശക്തിയാകുക എന്നതാണ് ആദ്യ ലക്ഷ്യമാക്കേണ്ടത്.അതിനുള്ള ഏറ്റവും മികച്ച അവസരമാണ് ഇപ്പോള്‍ കൈവന്നിരിക്കുന്നത്.

ഏഷ്യാകപ്പില്‍ യോഗ്യത നേടിയാല്‍ ഇന്ത്യന്‍ യുവനിര ശ്രദ്ധിക്കപ്പെടുകയും ടീമിന്റെ ആത്മ വിശ്വാസം ഉയരുകയും ചെയ്യുമെന്നുറപ്പാണ്. പക്ഷെ കരുത്തരായ എതിരാളികളെ ലോകക്കപ്പ് കളിച്ച പരിചയ സമ്പന്നത കൊണ്ട് നേരിടാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ കൗമാരം കളം നിറഞ്ഞ് കളിക്കട്ടെ…കരുത്തരാകാട്ടെ.