വമ്പന്‍ നവീകരണങ്ങള്‍ ഒരുക്കി കെ എസ് ആര്‍ ടി സി; ഇനി ‘ഒന്നിനും’ പുറത്തുപോവേണ്ട

പ്രാഥമികകൃത്യങ്ങള്‍ക്ക് സൗകര്യമുള്ള ആഡംബരബസ് വാങ്ങാന്‍ കെ.എസ്.ആര്‍.ടി.സി. തയ്യാറെടുക്കുകയാണ്. അന്തര്‍സംസ്ഥാനപാതകളിലാവും ഈ ബസ് ഓടുക. ആംസ്റ്റര്‍ഡാം ആസ്ഥാനമായ വാഹനനിര്‍മാണക്കമ്പനിയില്‍നിന്നാണ് ബസ് വാങ്ങുന്നത്. കമ്പനി ഇന്ത്യന്‍ വാഹനവിപണിയിലേക്ക് കടക്കുന്നതിന്റെ ഭാഗമായി വിലക്കുറവും വാഗ്ദാനംചെയ്തിട്ടുണ്ട്. നിലവിലെ സ്‌കാനിയ, വോള്‍വോ ബസുകളേക്കാള്‍ വലിയ മുതല്‍മുടക്കില്ലാതെ ഇവ വാങ്ങാന്‍ കഴിയുമെന്നാണ് അധികൃതര്‍ പറയുന്നത്. മന്ത്രി തോമസ് ചാണ്ടി, ട്രാന്‍സ്പോര്‍ട്ട് സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി. എം.ഡി. എ. ഹേമചന്ദ്രന്‍ എന്നിവരുമായി പ്രാഥമികചര്‍ച്ച നടത്തി.

മെഴ്സിഡസ് ബെന്‍സ്, വോള്‍വോ, സ്‌കാനിയ എന്നീ കമ്പനികളാണ് നിലവില്‍ ആഡംബര ബസ് നീറ്റില്‍ ഇറക്കിയിട്ടുള്ളത്. ഇതില്‍ മെഴ്സിഡസ് ഒഴികെ മറ്റുബസുകള്‍ കെ.എസ്.ആര്‍.ടി.സി. ഉപയോഗിക്കുന്നുണ്ട്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്താണ് സ്‌കാനിയ ബസുകളുടെ അരങ്ങേറ്റം. ഇപ്പോള്‍ പത്ത് സ്‌കാനിയ ബസുകള്‍ വാടകയ്ക്കും എടുത്തു. ഇവയിലൊന്നും ശൗചാലയങ്ങളില്ല. നിലവില്‍ ചില കാരവന്‍ വാഹനത്തില്‍ മാത്രമാണ് പ്രാഥമിക സൗകര്യങ്ങള്‍ഉള്ളത്.

ബസിന്റെ അറ്റകുറ്റപ്പണി, സ്പെയര്‍പാര്‍ട്സ് ലഭ്യത എന്നിവയെല്ലാം ഉറപ്പുവരുത്തി വിശദമായ പഠനങ്ങള്‍ക്ക് ശേഷമായിരിക്കും പുതിയ കമ്പനിയെ സ്വീകരിക്കുകഎന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതു സംബന്ധിച്ച് കമ്പനിയുമായി ധാരണയിലെത്തേണ്ടതുണ്ട്. പ്രാഥമികതലത്തിലെ ചര്‍ച്ചമാത്രമാണ് നിലവില്‍ നടന്നത്.

ദീര്‍ഘദൂരപാതകളില്‍ കൂടുതല്‍ ബസുകള്‍ ഇറക്കുക എന്ന ലക്ഷ്യവും കെ.എസ്.ആര്‍.ടി.സിക്ക് ഉണ്ട്. കര്‍ണാടകം, തമിഴ്നാട് എന്നിവയുമായുള്ള കരാറുകള്‍ അന്തിമഘട്ടത്തിലാണ്. കിലോമീറ്റര്‍ അടിസ്ഥാനത്തില്‍ കരാര്‍ തയ്യാറാക്കുന്നതിനുപകരം തിരക്കുള്ള സമയങ്ങളില്‍ സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തുന്നതിനും അധികൃതര്‍ ലക്ഷ്യമിടുന്നുണ്ട്. ഇതിനായി കൂടുതല്‍ ബസുകള്‍ വേണ്ടിവരും. മുതല്‍മുടക്കില്ലാതെ കൂടുതല്‍ ബസുകള്‍ ഇറക്കാന്‍ കഴിയുമെന്നതാണ് വാടകബസ്സുകളുടെ നേട്ടം.