ട്രംപ് ഏഴിന് ദക്ഷിണ കൊറിയയില്‍; ഭീഷണിയുടെ സ്വരം കടുപ്പിച്ച് ഉത്തര കൊറിയ

സോള്‍: യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏഷ്യന്‍ സന്ദര്‍ശനത്തിന് തുടക്കമിട്ടതിനു തൊട്ടുപിന്നാലെ പ്രകോപന നടപടികളുമായി ഉത്തരകൊറിയ. അനുരഞ്ജന സാധ്യതകള്‍ തള്ളിയും ആണവായുധ ശേഖരം വര്‍ധിപ്പിക്കുമെന്ന ഭീഷണി ഉയര്‍ത്തിയുമാണ് ഉത്തരകൊറിയ രംഗത്ത് വന്നിരിക്കുന്നത്. ഉത്തരകൊറിയയുടെ ആണവായുധ, മിസൈല്‍ ഭീഷണി നിലനില്‍ക്കെ വെള്ളിയാഴ്ചയാണ് ട്രംപ് തന്റെ ആദ്യ ഏഷ്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ടത്.

സഖ്യരാജ്യം കൂടിയായ ജപ്പാനിലേക്കാണ് ട്രംപിന്റെ ആദ്യ യാത്ര പ്രഖ്യാപിച്ചത്. രണ്ടു ദിവസം ജപ്പാനില്‍ തങ്ങുന്ന അദ്ദേഹം ചൊവ്വാഴ്ചയോടെ ഉത്തരകൊറിയയുടെ അയല്‍രാജ്യമായ ദക്ഷിണകൊറിയയിലെത്തും. ഇതിനിടെയാണ് അനുരഞ്ജന സാധ്യത തള്ളി ഭീഷണിയുമായി ഉത്തരകൊറിയ രംഗത്ത് വന്നത്. കഴിഞ്ഞ ഏതാനും മാസങ്ങളായി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്നുമായി കടുത്ത വാക്‌പോര് തുടരുന്ന ട്രംപ് അയല്‍രാജ്യത്തെത്തുന്നത് ഉത്തരകൊറിയ എപ്രകാരം സ്വീകരിക്കുമെന്ന ആകാംക്ഷയിലാണ് ലോകം. അതെ സമയം ട്രംപിന്റെ വരവില്‍ ദക്ഷിണകൊറിയയിലെ ഒരു വിഭാഗം ജനങ്ങള്‍ കടുത്ത ആശങ്കയിലാണ്.

ഈ ആശങ്ക ശക്തമാക്കിയാണ് പ്രശ്‌നപരിഹാര സാധ്യതകള്‍ തള്ളി ഉത്തരകൊറിയ രംഗത്തെത്തിയത്. രാജ്യാന്തര സമ്മര്‍ദ്ദത്തിനും ഉപരോധങ്ങള്‍ക്കും വഴങ്ങി ഉത്തരകൊറിയ ആണവ പരീക്ഷണങ്ങള്‍ അവസാനിപ്പിച്ച് ആണവായുധങ്ങള്‍ ഉപേക്ഷിക്കുമെന്ന വിശ്വാസം വെറും തോന്നല്‍ മാത്രമാണെന്ന് ഉത്തരകൊറിയന്‍ വാര്‍ത്താ ഏജന്‍സി വ്യക്താക്കി. ഉത്തരകൊറിയയുടെ ആണവപ്രതിരോധ നടപടികള്‍ അന്തിമഘട്ടത്തിലാണെന്നും അവര്‍ വ്യക്തമാക്കി.

ഉത്തരകൊറിയയുമായി ആണവനിരായുധീകരണ ചര്‍ച്ചകള്‍ നടത്താമെന്ന മോഹം പകല്‍ക്കിനാവു മാത്രമാണെന്ന്, ‘പകല്‍ സ്വപ്നം കാണുന്നത് നിര്‍ത്തൂ’ എന്ന തലക്കെട്ടോടെ ഉത്തര കൊറിയന്‍ വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച ലേഖനം വ്യക്തമാക്കുന്നു. യു.എസിനു തങ്ങളോടുള്ള ശത്രുതാ മനോഭാവം എന്നെന്നേക്കുമായി ഉപേക്ഷിക്കുന്നതുവരെ ആണവായുധങ്ങള്‍ ഉപയോഗിച്ച് സ്വയരക്ഷ തീര്‍ക്കുന്ന നടപടികള്‍ തുടരുമെന്നും ഉത്തരകൊറിയ വ്യക്തമാക്കി.

അതേസമയം ട്രംപ് സോളിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ, കൊറിയന്‍ മുനമ്പിനെ അനാവശ്യ സമ്മര്‍ദ്ദങ്ങളിലേക്കും യുദ്ധ ഭീതിയിലേക്കും തള്ളിവിടുന്നത് ട്രംപ് ആണെന്ന് ആരോപിച്ച് അഞ്ഞൂറോളം ആളുകള്‍ സോളില്‍ പ്രതിഷേധവും സംഘടിപ്പിച്ചു. അതേസമയം, ട്രംപിനെ അനുകൂലിക്കുന്ന ഒരു കൂട്ടര്‍ അദ്ദേഹത്തെ സ്വാഗതം ചെയ്തും പ്രകടനം നടത്തിയതായി രാജ്യാന്തര വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ടു ചെയ്തു.