ബെന്‍സും ഓഡി കാറുമുള്ളവര്‍ക്കു സൗജന്യ റേഷന്‍; പട്ടികയില്‍ കടന്നുകൂടിയത് തെറ്റായ വിവരങ്ങള്‍ നല്‍കി; നിയമ നടപടിക്കൊരുങ്ങി ഭക്ഷ്യ വകുപ്പ്

തിരുവനന്തപുരം: തെറ്റായ വിവരം നല്‍കി റേഷന്‍ മുന്‍ഗണനപ്പട്ടികയില്‍ ഇടംനേടി സൗജന്യ റേഷന്‍ വാങ്ങുന്നവര്‍ക്കെതിരേ നിയമ നടപടിക്കൊരുങ്ങി ഭക്ഷ്യവകുപ്പ്. തെറ്റായ വിവരങ്ങള്‍ നല്‍കിയവര്‍ക്ക് പട്ടികയില്‍നിന്ന് പുറത്തുപോകാന്‍ നേരത്തേ വകുപ്പ് സാവകാശമനുവദിച്ചിരുന്നു. ഇത് പ്രയോജനപ്പെടുത്താത്തവര്‍ക്കെതിരേയാണ് പ്രോസിക്യൂഷന്‍ നടപടി സ്വീകരിക്കാന്‍ ആലോചിക്കുന്നത്.

അര്‍ഹരായ ഒട്ടേറെപേര്‍ പട്ടികയ്ക്ക് പുറത്തുനില്‍ക്കുമ്പോള്‍, ആഡംബരകാറുകളായ ഔഡിയും ബെന്‍സുമുള്ളവര്‍ സൗജന്യറേഷന്‍ വാങ്ങുന്നതായി കണ്ടെത്തി ഭക്ഷ്യവകുപ്പ് കണ്ടെത്തി. കൊല്ലം ജില്ലയില്‍ മാത്രം നാലുചക്രവാഹനമുള്ള 110 പേരാണ് സൗജന്യ റേഷന്‍ വാങ്ങുന്നത്. ഇതില്‍ ഔഡിയും ബെന്‍സുമുള്‍പ്പെടെയുള്ളവരുമുണ്ട്. ഇതേത്തുടര്‍ന്ന് മറ്റുജില്ലകളിലും പരിശോധന വ്യാപകമാക്കുന്നുണ്ട്.

നാലുചക്രവാഹനങ്ങളുള്ളവര്‍ക്ക് സൗജന്യറേഷന് അര്‍ഹതയില്ല. റേഷന്‍കാര്‍ഡ് പുതുക്കുമ്പോള്‍ കാര്‍ഡുടമ സ്വയംസാക്ഷ്യപ്പെടുത്തിയ വിവരങ്ങളാണ് നല്‍കേണ്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കുന്നത്. സര്‍ക്കാര്‍ജോലിയുള്ളവര്‍വരെ വിവരം മറച്ചുവെച്ച് മുന്‍ഗണനപ്പട്ടികയില്‍ ഇടംനേടിയിരുന്നു.

പട്ടികയില്‍ കടന്നുകൂടാനാകാത്ത ആറരലക്ഷത്തോളം പേരുടെ പരാതി ലഭിച്ചിട്ടുണ്ട്. ഇവയുടെ പരിശോധന ആരംഭിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ 3.35 ലക്ഷം പരാതി തീര്‍പ്പാക്കി. നവംബര്‍ അവസാനത്തോടെ ശേഷിക്കുന്ന പരാതികളും തീര്‍പ്പാക്കാനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് ഭക്ഷ്യവകുപ്പ് അധികൃതര്‍ വ്യക്തമാക്കി.

നിലവില്‍ അനര്‍ഹരായി കടന്നുകൂടിയവരെ ഒഴിവാക്കിയശേഷം അര്‍ഹരായ പുതിയ അംഗങ്ങളെ ഉള്‍പ്പെടുത്തും. അതിനുശേഷമായിരിക്കും പുതിയ റേഷന്‍ കാര്‍ഡുകള്‍ക്കുള്ള അപേക്ഷ സ്വീകരിക്കുക.