പിന്നെയും ജിയോ പണിതന്നു; റിലയന്‍സ് കണക്ഷനില്‍ ഫോണ്‍ വിളി സാധിക്കില്ല
ഡിസംബര്‍ ഒന്ന് മുതല്‍ റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് വോയ്സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാന്‍ ഒരുങ്ങുന്നു. ട്രായ് നിര്‍ദേശമനുസരിച്ച് ഡിസംബര്‍ 31 വരെ നമ്പര്‍ പോര്‍ട്ട് ചെയ്യാനുള്ള അവസരവും റിലയന്‍സ് ഒരുക്കിയിട്ടുണ്ട്. ഇനിമുതല്‍ 4ജി ഡാറ്റാ സേവനങ്ങള്‍ മാത്രമാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സില്‍ നിന്നും ലഭിക്കുക. ആന്ധ്രപ്രദേശ്, ഹരിയാന, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, തമിഴ്നാട്, കര്‍ണാടക, കേരള തുടങ്ങി എട്ട് ടെലികോം സര്‍ക്കിളുകളിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന്റെ 2ജി, 4ജി സേവനങ്ങള്‍ ലഭ്യമാവുക. വോയ്സ് കോള്‍ സേവനം അവസാനിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഔദ്യോഗിക നടപടികളെല്ലാം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് പൂര്‍ത്തിയാക്കിയതായി ട്രായ് അറിയിച്ചു.
ഡിസംബര്‍ 31 വരെ പോര്‍ട്ട് ചെയ്യുന്നതിനുള്ള അപേക്ഷകള്‍ തള്ളിക്കളയരുതെന്ന നിര്‍ദ്ദേശം റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സിന് ട്രായ് നല്‍കിയിട്ടുണ്ട്.
46,000 കോടിയോളം രൂപയുടെ കടബാധ്യതയിലാണ് റിലയന്‍സ് കമ്മ്യൂണിക്കേഷന്‍സ് നിലവില്‍ മുന്നോട്ടു പോകുന്നത്. ഇതേ തുടര്‍ന്ന് എയര്‍സെലുമായി ലയിക്കാനുള്ള ശ്രമം നടത്തിയിരുന്നു എന്നാല്‍ പരാജയപ്പെടുകയായിരുന്നു. ഇതേതുടര്‍ന്നാണ് വോയ്സ് കോള്‍ സേവനങ്ങള്‍ അവസാനിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് റിലയന്‍സ് നീങ്ങുന്നത്.