രഞ്ജിയില്‍ കേരളത്തിന് പിന്നെയും വിജയം; ജമ്മു കശ്മീരിനെ 158 റണ്‍സിന് തോല്‍പിച്ചു

കഴക്കൂട്ടം തുമ്പയില്‍ നടന്ന രഞ്ജി ട്രോഫി ക്രിക്കറ്റ് മത്സരത്തില്‍ ജമ്മുകാശ്മീരിനെ കേരളം 158 റണ്‍സിന് തോല്‍പ്പിച്ചു. 238 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിനിങ്ങിനിറങ്ങിയ ജമ്മുകാശ്മീരിലെ എല്ലാ ബാറ്റ്സ്മാന്‍മാരെയും 79 റണ്‍സിനുള്ളില്‍ കേരള ബൗളര്‍മാര്‍ തറപറ്റിക്കുകയായിരുന്നു. ഈ സീസണില്‍ കേരളത്തിന്റെ മൂനാമത്തെ വിജയമാണിത്. വിജയത്തോടെ ക്വാര്‍ട്ടര്‍ സാധ്യത കേരളം സജീവമാക്കി.

ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 56 റണ്‍സ് എന്ന നിലയില്‍ അവസാന ദിനം ബാറ്റിങ് ആരംഭിച്ച ജമ്മുവിന് കേവലം 23 റണ്‍സ് കൂട്ടിച്ചേര്‍ക്കുന്നതിനിടിയില്‍ ശേഷിക്കുന്ന വിക്കറ്റുകള്‍ നഷ്മായി. അഞ്ച് വിക്കറ്റുകള്‍ നേടിയ അക്ഷയ് കെ.സിയാണ് കേരളത്തിന്റെ വിജയം അനായാസമാക്കിയത്, ആദ്യ ഇന്നിങ്സില്‍ അക്ഷയ് 4 വിക്കറ്റ് സ്വന്തമാക്കിയിരുന്നു. സ്‌കോര്‍: കേരളം 219, 191. ജമ്മു കശ്മീര്‍ 173, 79.

നേരത്തെ ജാര്‍ഖണ്ഡിനെയും രാജസ്ഥാനെയും കേരളം തോല്‍പ്പിച്ചിരുന്നു. ജമ്മുകാശ്മീരിനായി പര്‍വേസ് റസൂല്‍ രണ്ട് ഇന്നിങ്സുകളിലുമായി 11 വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ ഇന്നിങ്സില്‍ സെഞ്ച്വറി നേടിയ സഞ്ജു സാസണും രണ്ടാം ഇന്നിങ്സില്‍ അര്‍ധസെഞ്ച്വറി കുറിച്ച രോഹന്‍ പ്രേമിന്റെയും ബാറ്റിങാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്.