സിസ്റ്റര്‍ റാണി മരിയ ഇനി വാഴ്ത്തപ്പെട്ടവള്‍; പ്രഖ്യാപനം ഇൻഡോറിൽ
ഇന്‍ഡോര്‍: സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയായി പ്രഖ്യാപിച്ചു. ഭാരതസഭയിലെ ആദ്യ വനിതാ രക്തസാക്ഷിയാണു റാണി മരിയ. ഇന്‍ഡോര്‍ സെന്റ് ഫ്രാന്‍സിസ് അസീസി കത്തീഡ്രലിനു സമീപത്തെ സെന്റ് പോള്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പ്രഖ്യാപന ചടങ്ങിലാണ് പ്രഖ്യാപനമുണ്ടായത്.വാഴ്ത്തപ്പെട്ടവളാക്കിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പ്രഖ്യാപനം ലത്തീനില്‍ കര്‍ദിനാള്‍ അമാത്തോ വായിച്ചു. ഹിന്ദിയില്‍ കര്‍ദിനാള്‍ ഡോ. ടെലസ്‌ഫോര്‍ ടോപ്പോയും ഇംഗ്ലീഷില്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയും വായിച്ചു
കര്‍ദിനാള്‍മാര്‍, അന്‍പതോളം മെത്രാന്മാര്‍, വൈദികര്‍ സന്യസ്തര്‍, വിശ്വാസികള്‍ ഉള്‍പ്പെടെ പതിനയ്യായിരത്തോളം പേരാണ് ചടങ്ങിന് സാക്ഷ്യം വഹിച്ചത്. എല്ലാവര്‍ഷവും ഫെബ്രുവരി 25ന് വാഴ്ത്തപ്പെട്ട സിസ്റ്റര്‍ റാണി മരിയയുടെ തിരുനാള്‍ ആഘോഷിക്കണമെന്നും മാര്‍പാപ്പ സന്ദേശത്തില്‍ ആവശ്യപ്പെട്ടു.
പെരുമ്പാവൂര്‍ പുല്ലുവഴി സ്വദേശിയായ സിസ്റ്റര്‍ റാണി മരിയ ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനീസഭാംഗമാണ്. ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചു പ്രേഷിത ശുശ്രൂഷ നടത്തവേ, 1995 ഫെബ്രുവരി 25നു കൊല്ലപ്പെട്ടു. സിസ്റ്റര്‍ റാണി മരിയയുടെ സാമൂഹിക ഇടപെടലുകളില്‍ രോഷാകുലരായ പ്രദേശത്തെ ജന്മിമാര്‍ സമന്ദര്‍സിങ് എന്ന വാടകക്കൊലയാളിയെ ഉപയോഗിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഏറെക്കാലത്തെ ജയില്‍വാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദര്‍സിങ് സിസ്റ്റര്‍ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.
സിസ്റ്ററുടെ ജന്മനാടായ പുല്ലുവഴിയില്‍ രാവിലെ ഒന്‍പത് മണിക്ക് വിശ്വാസി സമൂഹം ഒരുമിച്ച് വിശുദ്ധ ബലി അര്‍പ്പിച്ചു. ചടങ്ങുകളുടെ തത്സമയ സംപ്രേക്ഷണം പുല്ലുവഴിയില്‍ ഒരുക്കിയിരുന്നു. നവംബര്‍ 15 ന് സിസ്റ്റര്‍ റാണി മരിയയുടെ തിരുശേഷിപ്പ് പുല്ലുവഴിയില്‍ എത്തിക്കും.