തോമസ് ചാണ്ടിയുടെ കായല്‍ കയ്യേറ്റം: ത്വരിതാന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവ്

ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികയ്യേറ്റവുമായി ബന്ധപ്പെട്ട ആരോപണത്തില്‍ അന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയാണ് സംഭവത്തെ കുറിച്ച് ദ്രുതഗതിയില്‍ അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ നിര്‍ദേശം നല്‍കിയത്.നെല്‍വയല്‍ അനധികൃതമായി നികത്തി, എം.പി ഫണ്ട് ഉപയോഗിച്ച് റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു, 65 ലക്ഷം രൂപ സര്‍ക്കാര്‍ ഖജനാവിനു നഷ്ടം വരുത്തി തുടങ്ങിയ പരാതികളാണ് അന്വേഷിക്കാന്‍ ഉത്തരവിട്ടിരിക്കുന്നത്.

വിഷയമിപ്പോള്‍ ഹൈക്കോടതിയുടെ പരിഗണനയിലുണ്ടെന്നും,അതിനാല്‍ അന്വേഷണമാവശ്യമില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ വാദിച്ചെങ്കിലും കോടതി അത് മുഖവിലക്കെടുത്തില്ല. ഈ വാദം തള്ളിയ ശേഷമാണ് കോടതി ത്വരിതാന്വേഷണ റിപ്പോര്‍ട്ട് വേഗത്തില്‍ സമര്‍പ്പിക്കണമെന്ന് നിര്‍ദേശിച്ചത്. ജനതാദള്‍എസ് ആലപ്പുഴ ജില്ലാ സെക്രട്ടറിയായ സുഭാഷ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതിയുടെ ഈ നടപടി.

പ്രസ്തുത വിഷയത്തില്‍ അന്വേഷണം നടത്താന്‍ ആദ്യമായാണ് ഒരു കോടതി ഉത്തരവിടുന്നത്. മന്ത്രി അനധികൃതമായി സര്‍ക്കാര്‍ പണം ഉപയോഗിച്ചാണ് റോഡ് നിര്‍മിച്ചതെന്നും ഇത് മൂലം 65 ലക്ഷം രൂപയുടെ നഷ്ടം സര്‍ക്കാര്‍ ഖജനാവിന് സംഭവിച്ചുവെന്നും പരാതിയില്‍ പറയുന്നു.

എന്നാല്‍ റോഡിനായി താന്‍ സ്ഥലമൊന്നും നികത്തിയില്ലെന്ന നിലപാടിലാണ് തോമസ് ചാണ്ടി. ആരോപണ വിധേയനായ മന്ത്രിയുടെ രാജിക്കുവേണ്ടി പ്രതിപക്ഷമടക്കമുള്ളവര്‍ ശബ്ദമുയര്‍ത്തുകയും ചെയ്യുന്നുണ്ട്.