നോട്ട് നിരോധനം പരാജയപെടാന്‍ കാരണം ഇന്ദിരാഗാന്ധി എന്ന് നരേന്ദ്രമോദി

ന്യൂഡല്‍ഹി : നോട്ട് അസാധുവാക്കല്‍ വിഷയത്തില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയെ വിമര്‍ശിച്ചു നരേന്ദ്രമോദി രംഗത്ത്. വേണ്ട സമയത്ത് ഇന്ദിരാഗാന്ധി നോട്ട് അസാധുവാക്കല്‍ നടപ്പാക്കിയിരുന്നുവെങ്കില്‍ ഭാരിച്ചജോലി തനിക്ക് ചെയ്യേണ്ടി വരില്ലായിരുന്നുവെന്നാണ് മോദി പറഞ്ഞത്. ഹിമാചല്‍പ്രദേശിലെ കുളുവില്‍ തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്യവെയാണ് മോദി ഇത്തരത്തില്‍ പ്രതികരിച്ചത്. നോട്ട് അസാധുവാക്കലിന്റെ വാര്‍ഷികമായ നവംബര്‍ എട്ടിന് വ്യാപക പ്രതിഷേധം സംഘടിപ്പിക്കാനുള്ള കോണ്‍ഗ്രസിന്റെ നീക്കത്തെ രൂക്ഷമായി വിമര്‍ശിച്ച മോദി തന്റെ കോലം കത്തിക്കുന്നതില്‍ ഭയമില്ല. കള്ളപ്പണത്തിനെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കി.

യശ്വന്ത്‌റാവു ചവാന്‍ അധ്യക്ഷനായ സമിതി ശുപാര്‍ശ നല്‍കിയിട്ടും നോട്ട് അസാധുവാക്കല്‍ നടപ്പാക്കാന്‍ ഇന്ദിര തയ്യാറായില്ല. രാജ്യ താത്പര്യത്തെക്കാളും സ്വന്തം പാര്‍ട്ടിയുടെ താത്പര്യത്തിനാണ് അവര്‍ പ്രാധാന്യം നല്‍കിയത്. കോണ്‍ഗ്രസിന് സ്വന്തം പാര്‍ട്ടിയുടെ താത്പര്യമാണ് വലുത്. കോണ്‍ഗ്രസും അഴിമതിയും തമ്മില്‍ വൃക്ഷവും വേരും തമ്മില്‍ ഉള്ളത് പോലത്തെ അവിഭാജ്യമായ ബന്ധമാണുള്ളത്. നോട്ട് അസാധുവാക്കല്‍ മൂലം ബുദ്ധിമുട്ട് നേരിടേണ്ടി വന്നതാണ് കോണ്‍ഗ്രസിന്റെ രോഷത്തിന് കാരണം. നടപടി നിരവധി കോണ്‍ഗ്രസുകാരുടെ ഉറക്കം കെടുത്തി. അതിന്റെ രോഷം അടങ്ങിയിട്ടില്ല. സര്‍ക്കാര്‍ നടപടിയുടെ ദോഷഫലം അനുഭവിക്കേണ്ടിവന്ന കുറച്ചുപേരാണ് നവംബര്‍ എട്ടിന് കരിദനം ആചരിക്കാന്‍ ഒരുങ്ങുന്നതെന്നും പ്രധാനമന്ത്രി ആരോപിച്ചു.