30 വയസ്സില്‍ താഴെയുള്ള പ്രവാസികള്‍ക്ക് ഇനി കുവൈത്തില്‍ ജോലി ഇല്ല

പ്രവാസ ജിവിതം സ്വപ്നം കാണുന്ന യുവാക്കള്‍ക്ക് കുവൈറ്റ് സര്‍ക്കാരിന്റെ ഇരുട്ടടി. വരുന്ന വര്‍ഷം മുതല്‍ വിദേശ തൊഴിലാളി റിക്രൂട്ടിംഗില്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെ പുതിയ നിയമം നടപ്പിലാക്കാന്‍ മാന്‍പവര്‍ പബ്ലിക് അതോറിറ്റി തീരുമാനം . ഇതു സംബന്ധിച്ച തീരുമാനം ബന്ധപ്പെട്ട വകുപ്പ് മേധാവികള്‍ക്ക് കൈമാറി. 2018 ജനുവരി മുതല്‍ നിയമം നടപ്പിലാക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. വിദേശ ജനസംഖ്യ ഗണ്യമായി കുറയ്ക്കണമെന്ന തീരുമാനത്തിന്റെ ഭാഗമായിട്ടാണ് പുതിയ മാര്‍ഗ നിര്‍ദേശങ്ങള്‍ എന്ന് അറിയുന്നു.

പുതിയ നിയമമനുസരിച്ച് 30 വയസ്സില്‍ താഴെയുള്ള ഡിപ്ലോമ, ബിരുദ, ബിരുദാന്തര ബിരുദക്കാരെ റിക്രൂട്ടിംഗില്‍ ഉള്‍പ്പെടുത്തില്ല. 30 വയസ്സ് പൂര്‍ത്തിയായ വിദഗ്ദ്ധ തൊഴില്‍ പരിചയവും വിദ്യാഭ്യാസ യോഗ്യതയുമുള്ളവരെ മാത്രമെ പരിഗണിക്കു. കൂടാതെ ജോലിചെയ്യുന്നതിനിടയില്‍ ആര്‍ജിച്ച ഉന്നത വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ് അംഗീകരിക്കില്ല. രാജ്യത്തിന് പുറത്ത് പോയി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി നേടിയ സര്‍ട്ടിഫിക്കറ്റ് മാത്രമെ അംഗീകരിക്കു.
ചില തൊഴിലുകള്‍ക്ക് ഇനി മുതല്‍ വിദേശികളെ റിക്രൂട്ട് ചെയ്യില്ല. ഇതനുസരിച്ച് ശുചീകരണ തൊഴിലാളികളേയും കാവല്‍ ജോലിക്കാരെയും ഇനിമുതല്‍ റിക്രൂട്ട് ചെയ്യില്ല.