തമിഴ് നാട്ടിലെ തീ കൊളുത്തി ആത്മഹത്യ ; മുഖ്യമന്ത്രിയെ കളിയാക്കി കാര്‍ട്ടൂണ്‍ വരച്ചതിന് കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു
ചെന്നൈ : ബ്ലേഡ് മാഫിയയുടെ ഭീഷണി കാരണം തിരുനെല്‍വേലിയില്‍ കുടുംബം കൂട്ട ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുഖ്യമന്ത്രിയെയും പോലീസിനെയും കളക്ടറെയും വിമര്‍ശിച്ച് കൊണ്ട് കാര്‍ട്ടൂണ്‍ വരച്ച കാര്‍ട്ടൂണിസ്റ്റിനെ അറസ്റ്റ് ചെയ്തു. ജി.ബാല എന്ന പേരിലറിയപ്പെടുന്ന ഫ്രീലാന്‍സ് കാര്‍ട്ടൂണിസ്റ്റായ ജി. ബാലകൃഷ്ണയെയാണ് തമിഴ്‌നാട് പോലീസ് അറസ്റ്റ് ചെയ്തത്. ഇലക്ട്രോണിക് മാധ്യമം വഴി അശ്ലീലപ്രചരണം നടത്തിയെന്ന ഐ ടി ആക്ട് 67 ഉം അപവാദപ്രചാരണത്തിന് ഐപിസി 501 ആം വകുപ്പുമാണ് ബാലയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. അറസ്റ്റിനെതിരെ വ്യാപകമായ പ്രതിഷേധമാണ് തമിഴ്‌നാട്ടില്‍ ഉയരുന്നത്.
തീപൊള്ളലേറ്റ് ഒരു കുഞ്ഞ് നിലത്ത് കിടക്കുമ്പോള്‍ നോട്ടുകെട്ടുകള്‍ കൊണ്ട് നാണം മറയ്ക്കുന്ന മുഖ്യമന്ത്രി ഇ.പളനിസാമിയും കളക്ടറും പോലീസ് ഉദ്യോഗസ്ഥനുമാണ് ബാലയുടെ കാര്‍ട്ടൂണില്‍ വിഷയമായിട്ടുണ്ടായിരുന്നത്. കുട്ടിയുടെ ജീവന് വില നല്‍കാതെ കാശിനു പുറകെ പോകുന്ന ഉദ്യോഗസ്ഥ അധികാര കേന്ദ്രങ്ങളെ കണക്കറ്റ് വിമര്‍ശിക്കുന്നതായിരുന്നു കാര്‍ട്ടൂണ്‍. ഒക്ടോബര്‍ 24നാണ് ബാല തന്റെ സോഷ്യല്‍ മീഡിയ പേജില്‍ കാര്‍ട്ടൂണ്‍ പോസ്റ്റ് ചെയ്തത്. 12,000ത്തിലധികം പേരാണ് പോസ്റ്റ് ഷെയര്‍ ചെയ്തത്. ബ്ലേഡ് മാഫിയ സജീവമായിട്ടും അതിന്‍റെ പേരില്‍ മൂന്ന് ജീവന്‍ പോലിഞ്ഞിട്ടും വിഷയത്തില്‍ സര്‍ക്കാരും പോലീസും ഇപ്പോഴും മൌനം പാലിക്കുകയാണ്.