714 ഇന്ത്യക്കാര്‍ക്ക് വിദേശത്ത് കള്ളപ്പണ നിക്ഷേപം; പട്ടികയില്‍ അമിതാഭ് ബച്ചനും കേന്ദ്രമന്ത്രിയും
ന്യൂഡല്‍ഹി: നോട്ട് നിരോധന വാര്‍ഷികമായ ബുധനാഴ്ച, സര്‍ക്കാര്‍ കള്ളപ്പണവിരുദ്ധ ദിനം ആചരിക്കാനിരിക്കെ നികുതിവെട്ടിച്ചു വിദേശത്തു ശതകോടികള്‍ നിക്ഷേപിച്ച ഇന്ത്യന്‍ കോര്‍പറേറ്റുകളുടെയും വ്യക്തികളുടെയും വിവരങ്ങള്‍പുറത്ത്. ബി.ജെ.പി, കോണ്‍ഗ്രസ് നേതാക്കളും ബന്ധുക്കളും ലാവ് ലിന്‍ തുടങ്ങിയ കമ്പനികളും സിനിമ മേഖലയില്‍ നിന്നുള്ളവരും പട്ടികയിലുണ്ട്.
വ്യോമയാന സഹമന്ത്രി ജയന്ത് സിന്‍ഹ, ബി.ജെ.പി എം.പി ആര്‍.കെ. സിന്‍ഹ, കോണ്‍ഗ്രസ് നേതാവ് വയലാര്‍ രവിയുടെ മകന്‍ രവികൃഷ്ണ, ബോളിവുഡ് നടന്‍ അമിതാഭ് ബച്ചന്‍, സഞ്ജയ് ദത്തിന്റെ ഭാര്യ മാന്യത ദത്ത് എന്നിങ്ങനെ പട്ടികയില്‍ പ്രമുഖരുള്‍പ്പെടെ 714 ഇന്ത്യക്കാരുടെ പേരുകളാണ് ഉള്ളത്. ഇത്തരത്തില്‍ 180 രാജ്യങ്ങളില്‍ നിന്നുള്ള വിവരങ്ങളാണ് ഐ.സി.ഐ.ജെ പുറത്തുവിട്ടത്. ഞായറാഴ്ച അര്‍ധരാത്രിയാണ് ലോകത്തെ ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്. 13.4 ദശലക്ഷം രേഖകളാണ് പുറത്തുവന്നിട്ടുള്ളത്.
ജര്‍മന്‍ ദിനപത്രമായ സെഡ്യൂസെ സീറ്റങും (Sddeutsche Zeitung) അന്വേഷണാത്മക മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ ഇന്‍ര്‍നാഷണല്‍ കണ്‍സോര്‍ഷ്യം ഓഫ് ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റും (ICIJ)യും 96 മാധ്യമ സ്ഥാപനങ്ങളുമായി ചേര്‍ന്ന് നടത്തിയ സംയുക്ത അന്വേഷണത്തിലാണ് ഈ വിവരങ്ങള്‍ പുറത്തുവന്നത്. പാരഡൈസ് പേപ്പേഴ്‌സ് എന്ന പേരിലാണ് വിവരങ്ങള്‍ പുറത്തുവിട്ടത്.