ഫേസ്ബുക്കിലെ വ്യാജന്മാരുടെ എണ്ണം കണ്ട് ഫേസ്ബുക്ക് അധികൃതര്‍ വരെ ഞെട്ടി

ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ ഉപയോഗിക്കുന്ന ഒരു സോഷ്യല്‍ നെറ്റ്വര്‍ക്ക് ആണ് ഫേസ്ബുക്ക്. 2004ല്‍ ആരംഭിച്ച ഫേസ്ബുക്ക് ഇപ്പോള്‍ 120കോടിയിലേറെപേര്‍ ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയിലും ഏറ്റവും ജനപ്രിയന്‍ ഫേസ്ബുക്ക് തന്നെയാണ്. എന്നാല്‍ ഒര്‍ജിനലിനെക്കാള്‍ വ്യാജന്മാരാണ് ഇപ്പോള്‍ ഫേസ്ബുക്കില്‍ കൂടുതല്‍. ഫേസ്ബുക്ക് അധികൃതര്‍ തന്നെയാണ് ഇത്തരത്തില്‍ ഒരു കണക്ക് പുറത്തു വിട്ടത്. നിലവില്‍ 270 മില്ല്യണ്‍ ഫേക്ക് അക്കൗണ്ടുകള്‍ ഫേസ്ബുക്കില്‍ ഉണ്ടെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. ഫേസ്ബുക്ക് ഉപയോക്താക്കളുടെ എണ്ണം മുന്‍ വര്‍ഷത്തേതിനേക്കാള്‍ ആകെ രണ്ടു മുതല്‍ നാല് ശതമാനം വരെ മാത്രം വര്‍ധിച്ചപ്പോള്‍ വ്യാജ അക്കൗണ്ടുകളുടെ എണ്ണത്തില്‍ എഴ് ശതമാനത്തിന്റെ വര്‍ധനയാണ് ഉണ്ടായത്. ഇത് അതിശയപ്പെടുത്തുന്നതും അതേപോലെ ഭയക്കേണ്ടതുമാണ്. ഇത്തരത്തില്‍ വ്യാജ അക്കൗണ്ടുകള്‍ വര്‍ദ്ധിക്കുന്നതുകൊണ്ടുതന്നെ കൂടുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ഫേസ്ബുക്ക് അധികൃതര്‍ ഒരുങ്ങുന്നതായാണ് വിവരം.

ഇനി മുതല്‍ വ്യാജ അക്കൗണ്ട് രൂപീകരിക്കാന്‍ സാധിക്കാത്ത വിധമായിരിക്കും അടുത്ത അപ്‌ഡേഷന്‍ എന്നും സൂചനയുണ്ട്. ഇനിമുതല്‍ കര്‍ശന പരിശോധനകള്‍ക്ക് വിധേയമാക്കാനും ഉപയോക്താക്കള്‍ ഫേസ്ബുക്ക് അക്കൗണ്ട് തുടങ്ങുന്നതിനു നല്‍കുന്ന വിവരങ്ങള്‍ വ്യാജമാണെങ്കില്‍ അത് കണ്ടെത്തി നപടികള്‍ സ്വീകരിക്കാനുമുള്ള ഒരുക്കത്തിലാണ് ഫേസ്ബുക്ക് അധികൃതര്‍. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍ ആയ മാര്‍ക്ക് സക്കര്‍ബര്‍ഗും, ദസ്ടിന്‍ മോസ്‌കൊവിത്സും, ക്രിസ് ഹ്യുസും ചേര്‍ന്നാണ് ഈ വെബ്‌സൈറ്റ് ആരംഭിച്ചത്. ഗൂഗിള്‍ കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ ആള്‍ക്കാര്‍ ഉപയോഗിക്കുന്ന സൈറ്റ് ആണ് ഫേസ്ബുക്ക്. ഇന്ത്യയില്‍ ഇതിന് മൂന്നാം’ സ്ഥാനമാണുള്ളത്. ഇന്ത്യയിലെ സോഷ്യല്‍ നെറ്റ്വര്‍ക്കിംഗ് ഉപയോക്താക്കള്‍ക്ക് സ്വന്തം ഭാഷയില്‍ തന്നെ ആശയവിനിമയം നടത്താനുള്ള സംവിധാനവുമായാണ് ഫേസ് ബുക്ക് ഇന്ത്യയില്‍ രംഗത്തെത്തിയിരിക്കുന്നത്.