ധോണിയുടെ തുഴച്ചില്‍ ശൈലി മാറ്റിയില്ലെങ്കില്‍ ടി-20 ടീമില്‍ നിന്ന് പുറത്താക്കണമെന്ന് മുന്‍താരങ്ങള്‍; പകരക്കാരനെ കണ്ടെത്തണമെന്ന് ആവശ്യം

ഇന്ത്യക്കു ട്വന്റി-20 ലോക കിരീടം നേടിക്കൊടുത്ത മുന്‍ നായകന്‍ ധോണിയെ ട്വന്റി20 ടീമില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യവുമായി മുന്‍ താരങ്ങളായ വി.വി എസ് ലക്ഷ്മണും അജിത് അഗാര്‍ക്കറും രംഗത്ത്

രാജ്‌കോട്ടില്‍ ന്യൂസീലന്‍ഡിനെതിരെ നടന്ന രണ്ടാം മത്സരത്തിലേറ്റ തോല്‍വിക്ക് പിന്നാലെയാണ് ധോണിക്കെതിരെ ലക്ഷ്മണും അഗാര്‍ക്കറും രംഗത്തത്തിയത്. രാജ്‌കോട്ടിലെ മത്സരത്തില്‍ നിര്‍ണായക സമയത്ത് മികച്ച ഫോമില്‍ നിന്ന കോഹ്ലിക്ക് സ്‌ട്രൈക്ക് കൈമാറാതെ ധോണി തന്നെ ബാറ്റിങ്ങ് ക്രീസില്‍ നില്‍ക്കരുതായിരുന്നുവെന്ന് ഇരുവരും പറയുന്നു.

ആ സമയത്ത് കോഹ്ലിയുടെ സ്‌ട്രൈക്ക് റേറ്റ് ധോനിയുടേത് 80ഉം ആയിരുന്നു. കൂറ്റന്‍ വിജലക്ഷ്യം പിന്തുടരുമ്പോള്‍ ആ സ്‌ട്രൈക്ക് റേറ്റില്‍ ഒന്നും ചെയ്യാനാവില്ലെന്ന് ലക്ഷ്മണ്‍ പറയുന്നു.

ആറാം നമ്പറില്‍ ഇറങ്ങുന്ന ധോണിക്ക് വെടിക്കെട്ട് ബാറ്റിങ്ങിലേക്കെത്താന്‍ ഏറെ സമയം വേണ്ടി വരുന്നു. ഇത്രയും സമയമെടുത്ത് ഫോമിലേക്കെത്തുന്നത് ട്വന്റി20ക്ക് യോജിച്ചതല്ല.യുവതാരങ്ങള്‍ക്ക് വേണ്ടി ധോനി വഴിമാറേണ്ട സമയമാണിത്. ട്വന്റി20യില്‍ യുവതാരങ്ങള്‍ വളര്‍ന്നുവരട്ടെ. പക്ഷേ ഏകദിനത്തില്‍ ധോണിയുടെ പങ്ക് വിലമതിക്കാനാവാത്തതാണെന്ന് തന്നെയാണെന്നും മുന്‍ താരം ലക്ഷ്മണ്‍ കൂട്ടിച്ചേര്‍ത്തു

ടി20യില്‍ ധോണിക്ക് പകരക്കാരെ പരിഗണിക്കേണ്ട സമയമാണിതെന്ന് അഗാര്‍ക്കറും അഭിപ്രായപ്പെട്ടു. ടിട്വന്റിയില്‍ സമയത്തിനാണ് പ്രാധാന്യമെന്നും ക്രീസില്‍ നില്‍ക്കുമ്പോള്‍ സമയമെടുത്ത് ഷോട്ട് കണ്ടെത്തുന്ന ധോണിക്ക് ട്വന്റി20 ഫോര്‍മാറ്റ് ഈ പ്രായത്തില്‍ യോജിച്ചതല്ലെന്നും അഗാര്‍ക്കര്‍ വിലയിരുത്തുന്നു. ധോണി ഇപ്പോള്‍ നായകനല്ലെന്നും ഒരു ബാറ്റ്‌സമാന്‍ മാത്രമാണെന്നും അഗാര്‍ക്കര് ഇ.എസ്.പി.എന്‍ ക്രിക്ക് ഇന്‍ഫോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

രാജ്‌കോട്ടില്‍ നേരിട്ട ആദ്യ 18 പന്തില്‍ 16 റണ്‍സ് മാത്രമാണ് ധോണിക്ക് നേടാനായത്. അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് 37 പന്തില്‍ നിന്ന് ധോണി 49 റണ്‍സെടുത്തെങ്കിലും അപ്പോഴേക്കും ഇന്ത്യ തോല്‍വി ഉറപ്പിച്ചിരുന്നുവെന്നും മുന്‍ക്രിക്കറ്റര്‍മാര്‍ വിലയിരുത്തുന്നു.