ഗെയില്‍ വിരുദ്ധ സമരം : വ്യവസായമന്ത്രിയുടെ അധ്യക്ഷതയില്‍ ഇന്ന് സര്‍വകക്ഷിയോഗം; സമരസമിതിക്കും ക്ഷണം

കോഴിക്കോട്: ഗെയില്‍ വാതകക്കുഴല്‍ പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ ആശങ്ക പരിഹരിക്കുന്നതിന് സംസ്ഥാന സര്‍ക്കാര്‍ വിളിച്ച സര്‍വ്വകക്ഷി യോഗം ഇന്ന് വൈകിട്ട് നാലിന് കോഴിക്കോട് കളക്ടറേറ്റില്‍ നടക്കും. വ്യാവസായിക മന്ത്രി എ.സി മൊയ്തീന്റെ നേത്രത്വത്തില്‍ നടക്കുന്ന യോഗത്തില്‍ പെപ്പ് ലൈന്‍ കടന്നുപോകുന്ന പ്രദേശങ്ങളിലെ എം.പിമാര്‍, എം.എല്‍.എമാര്‍, നഗരസഭാ ചെയര്‍മാന്‍മാര്‍, പഞ്ചായത്ത് പ്രസിഡന്റുമാര്‍ എന്നിവര്‍ പങ്കെടുക്കും. യോഗത്തില്‍ സമര സമിതിയുടെ രണ്ട് പ്രതിനിധികളും പങ്കെടുക്കും.

മന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജില്ലാ കളക്ടറാണ് സമരസമിതി പ്രതിനിധികളെ യോഗത്തിലേക്ക് ക്ഷണിച്ചിരിക്കുന്നത്. സമരസമിതിയെ യോഗത്തില്‍ പങ്കെടുപ്പിച്ചില്ലെങ്കില്‍ തങ്ങളും പങ്കെടുക്കില്ലെന്ന നിലപാടായിരുന്നു യു.ഡി.എഫ് കൈക്കൊണ്ടിരുന്നത്. മുക്കത്തുനിന്നുള്ള രണ്ട് പ്രതിനിധികളെ യോഗത്തില്‍ പങ്കെടുപ്പിക്കാനാണ് തീരുമാനമായിരിക്കുന്നത്. ചര്‍ച്ചയില്‍ അനുകൂല തീരുമാനമുണ്ടായില്ലെങ്കില്‍ ചൊവ്വാഴ്ച മുതല്‍ എരഞ്ഞിമാവില്‍ കുടില്‍ കെട്ടിസമരം തുടങ്ങാനാണ് സമരസമിതിയുടെ തീരുമാനം.

വാതകപൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് മുക്കത്ത് മൂന്ന് മാസങ്ങളായി സമരം നടന്നുവരികയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളായി സമരം സംഘര്‍ഷത്തിലേക്ക് നീങ്ങിയിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് സര്‍വ്വകക്ഷി യോഗം വിളിച്ചിരിക്കുന്നത്. പ്രശ്‌നങ്ങള്‍ സര്‍ക്കാര്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

അതേസമയം പദ്ധതിയുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുമെന്ന വ്യക്തമായ സൂചന മുഖ്യമന്ത്രി പിണറായി വിജയന്‍ നല്‍കിക്കഴിഞ്ഞിരിക്കുകയാണ്. ഗെയ്ല്‍ സമരത്തിന് പിന്നില്‍ വികസനവിരോധികളാണെന്നും വികസനവിരോധികളുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി വികസനപ്രവര്‍ത്തനങ്ങളില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറില്ലെന്നും മുഖ്യന്ത്രി വ്യക്തമാക്കി.