യുപിയില്‍ കൂട്ട ശിശുമരണം തുടരുന്നു; രണ്ടു ദിവസത്തിനിടയില്‍ മരിച്ചത് 30 കുരുന്നുകള്‍, നിസംഗത തുടര്‍ക്കഥയാക്കി അധികൃതര്‍
ലക്‌നൗ:യു.പിയിലെ ഗോരഖ്പൂരില്‍ കൂട്ട ശിശു മരണം അവസാനിക്കാതെ തുടരുന്നു. രണ്ടു ദിവസത്തിനിടെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജില്‍ 30 കുട്ടികള്‍ മരിച്ചതായാണ് ഏറ്റവുമൊടുവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. മൂന്നു മാസങ്ങള്‍ക്കു മുമ്പ് ഇതേ മെഡിക്കല്‍ കോളജില്‍ നിരവധി കുട്ടികള്‍ ഓക്‌സിജന്‍ കിട്ടാതെ മരിച്ചത് രാജ്യവ്യാപകമായ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.
30 കുട്ടികളുടെ മരണം മെഡിക്കല്‍ കൊളേജ് കമ്മ്യൂണിറ്റി മെഡിസിന്‍ വകുപ്പ് തലവന്‍ ഡോ.ഡി.കെ.ശ്രീവാസ്തവ സ്ഥിരീകരിച്ചെങ്കിലും ഓക്‌സിജന്‍ കിട്ടാത്തതിനെ തുടര്‍ന്നല്ല കുട്ടികള്‍ മരിച്ചതെന്നും വിശദീകരിക്കുന്നു. മരിച്ചവരില്‍ 15 കുട്ടികള്‍ ഒരു മാസത്തില്‍ താഴെ പ്രായമുള്ളവരാണ്. ഇത്രയേറെ മരണമുണ്ടായിട്ടും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ഇനിയും തയ്യാറാകാത്ത അധികൃതര്‍ക്കെതിരെ വന്‍ വിമര്‍ശനമാണുയരുന്നത്.
ഓഗസ്റ്റില്‍ അഞ്ചു ദിവസത്തിനിടെ 70 കുട്ടികള്‍ മരിച്ചതോടെയാണ് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിനിധീകരിക്കുന്ന മണ്ഡലമായ ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളേജിനെതിരെ പ്രതിഷേധമുയര്‍ന്നത്. ഇതില്‍ കൂടുതല്‍ കുട്ടികളും മരിച്ചത് ആശുപത്രിയിലേയ്ക്കുള്ള ഓക്‌സിജന്‍ വിതരണം നിലച്ചതിനെത്തുടര്‍ന്നായിരുന്നു.