ഹണിപ്രീതിന്റെ സ്വകാര്യ ഡയറികള്‍ കണ്ടെടുത്തു; സിനിമാ സംവിധാനത്തെ കുറിച്ചും ഗുര്‍മീത് റാംമുമായുള്ള ബന്ധത്തെ കുറിച്ചുമുള്ള വിവരങ്ങള്‍ പുറത്ത്

ബലാത്സംഗക്കേസില്‍ ജയിലിലായ ഡേരാ സച്ഛാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹിം സിങ്ങിന്റെ അടുത്ത അനുയായിയും വളര്‍ത്തു മകളുമായിരുന്ന ഹണിപ്രീത് ഇന്‍സാന്റെ രണ്ട് സ്വകാര്യ ഡയറികള്‍ പോലീസ് കണ്ടെടുത്തു. ആശ്രമത്തില്‍ നടത്തിയ പരിശോധനയിലാണ് ഹണിപ്രീതിന്റെ ഡയറികള്‍ കണ്ടെത്തിയത്
സംഭാവനകള്‍, വരുമാനം, ചെലവ്, ലഭിച്ച ഉപഹാരങ്ങള്‍ തുടങ്ങിയ കാര്യങ്ങളാണ് ഡയറിയില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ഡയറികളുടെ പകര്‍പ്പ് ആദായനികുതി വകുപ്പിന് കൈമറിയിട്ടുണ്ട്.

ഗുര്‍മീതിന് ശിക്ഷ വിധിച്ച ദിവസം പഞ്ച്കുളയില്‍ നടന്ന കലാപത്തിന് പണം സ്വരുക്കൂട്ടിയ വിവരങ്ങള്‍ ഡയറിയിലുണ്ടോയെന്ന കാര്യവും അന്വേഷിക്കുന്നുണ്ട്. കലാപത്തിനായി ഹണിപ്രീതിന്റെ നിര്‍ദേശാനുസരണം അഞ്ചുകോടി രൂപ ചെലവഴിച്ചതായാണ് പ്രാഥമിക നിഗമനം.
ഹണിപ്രീതിന്റെ സ്വകാര്യജീവിതം രേഖപ്പെടുത്തിയ ഡയറിയും കണ്ടെടുത്തിട്ടുണ്ട്. സിനിമാ സംവിധാനത്തെ കുറിച്ചുള്ളതും ഗുര്‍മീത് റാം റഹീം സിങ്ങുമായുള്ള ബന്ധത്തെ കുറിച്ചും ഈ ഡയറിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഡേരയ്ക്കു പിന്തുണ നല്‍കുന്ന വിദേശത്ത് താമസമാക്കിയവരും അല്ലാത്തവരുമായ ഇന്ത്യക്കാരുടെ വിവരങ്ങളും ഫോണ്‍ നമ്പറും ഡയറിയില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. പോലീസിന്റെ പിടിയില്‍നിന്ന് രക്ഷപ്പെട്ടാല്‍ ഇവരുടെ സഹായം തേടാനായിരുന്നു പദ്ധതിയെന്നാണ് സൂചന. നേരത്തെ കണ്ടെടുത്ത ഹണിപ്രീതിന്റെ ഡയറികളില്‍ ഒന്നില്‍ അവരുടെ കൗമാരകാലത്തെ കുറിച്ചായിരുന്നു എഴുതിയിരുന്നത്. പ്രണയം, തകര്‍ന്ന ഹൃദയം,വഞ്ചന തുടങ്ങിയവയെ കുറിച്ച് പരാമര്‍ശിക്കുന്ന ഹിന്ദിയിലുള്ള ഈരടികളും ഈ ഡയറിയില്‍ കണ്ടെത്തിയിരുന്നു. ഒരു ഗാനം ഗുര്‍മീത് റാം റഹീം സിങ്ങിനു വേണ്ടി സമര്‍പ്പിച്ചതായും കണ്ടെത്തിയിരുന്നു. നിലവില്‍ അംബാലയിലെ ജയിലിലാണ് ഹണിപ്രീത്.