ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകളെത്തി; ആവേശ സ്വീകരണമൊരുക്കി ആരാധകര്‍; നിര്‍ണായക മത്സരം നാളെ

കാര്യവട്ടം സ്പോര്‍ട്സ് ഹബ്ബില്‍ നാളെ നടക്കുന്ന 20-20 ക്രിക്കറ്റ് മല്‍സരത്തിനായുള്ള ഇന്ത്യ-ന്യൂസിലാന്‍ഡ് ടീമുകള്‍ തലസ്ഥാനത്ത് എത്തി. പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയ ഇരു ടീമംഗങ്ങളെയും കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഭാരവാഹികള്‍ വരവേറ്റു. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തില്‍ വിരുന്നെത്തിയ ഇന്ത്യ-ന്യൂസീലന്‍ഡ് ടിട്വന്റി മത്സരത്തിന്റെ ആവേശത്തിലാണ് ക്രിക്കറ്റ് പ്രേമികള്‍. രാത്രി ഏറെ വൈകിയിട്ടും വിമാനത്താവളത്തില്‍ ടീമുകളെ സ്വീകരിക്കാന്‍ ആരാധകര്‍ എത്തിയിരുന്നു. ആര്‍പ്പുവിളികളോട് അവര്‍ എല്ലാവരെയും വരവേറ്റു.

സ്വീകരണത്തിനുശേഷം ടീമുകള്‍ പ്രത്യേകം തയ്യാറാക്കിയ വാഹനങ്ങളില്‍ കോവളത്തെ റാവിസ് ലീല ഹോട്ടലിലേക്ക് പോയി. അവിടെയാണ് ഇരുടീമുകള്‍ക്കും താമസസൗകര്യമൊരുക്കിയിരിക്കുന്നത്. ഹോട്ടലില്‍ താരങ്ങള്‍ക്കായി എല്ലാവിധ സജ്ജീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഇരു ടീമുകള്‍ക്കും പരസ്പരം കാണാന്‍ പറ്റാത്ത രീതിയിലാണ് താമസം ക്രമീകരിച്ചിരിക്കുന്നത്. പ്രത്യേക ജിംനേഷ്യം, പൂള്‍ സൗകര്യം എന്നിവയും ടീമുകള്‍ക്കായി റാവീസില്‍ തയ്യാറാണ്.

മല്‍സരത്തിന് മുന്നോടിയായുള്ള സ്പോട്സ് ഹബ്ബിലെ പരിശീലനം ഇരു ടീമുകളും ഉപേക്ഷിച്ചു. തുടര്‍ച്ചയായ മത്സരങ്ങളും യാത്രയും ടീമംഗങ്ങളെ തളര്‍ത്തിയതിനാലാണ് പരിശീലനം ഒഴിവാക്കിയത്. പകരം ഹോട്ടലിലെ ജിമ്മില്‍ പ്രത്യേക പരിശീലനം ഒരുക്കിയിട്ടുണ്ട്. ക്യാപ്റ്റന്‍മാരും പരിശീലകരും പിച്ച് പരിശോധിക്കാനായി ഇന്ന് സ്റ്റേഡിയത്തിലെത്തിയേക്കും. ഹോട്ടലിലെ പൂര്‍ണ്ണ വിശ്രമത്തിനുശേഷം 7 ന് വൈകുന്നേരം ടീമുകള്‍ മല്‍സരത്തിനായി ഗ്രൗണ്ടില്‍ ഇറങ്ങും.

വീഡിയോ കാണാം: