അന്തര്‍ ദേശീയ ആയുഷ് സമ്മേളനം ദുബായില്‍
അബുദാബി: പ്രഥമ ആയുഷ് അന്തര്‍ദേശീയ സമ്മേളനവും ശാസ്ത്ര പ്രദര്‍ശനവും നവംബര്‍ 9 മുതല്‍ 11 വരെ മൂന്നു ദിവസങ്ങളിലായി ദുബായ് ഇന്റര്‍നാഷണല്‍ കണ്‍വന്‍ഷന്‍ ആന്‍ഡ് എക്സിബിഷന്‍ സെന്ററില്‍ നടക്കും.
കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സഹകരണത്തോടെ അബുദാബി ഇന്ത്യന്‍ എംബസി, ദുബായ് ഇന്ത്യന്‍ കോണ്‍സുലേറ്റ്, സയന്‍സ് ഇന്ത്യ ഫോറവും സംയുക്തമായി സംഘടിപ്പിക്കുന്ന പരിപാടിയുടെ ഉദ്ഘാടനം യു. എ. ഇ. സഹിഷ്ണുതാ കാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറഖ് അല്‍ നഹ്യാന്‍ നിര്‍വ്വഹിക്കും. കേന്ദ്ര ആയുഷ് വകുപ്പ് മന്ത്രി ശ്രീപദ് നായിക്, യു. എ. ഇ. ആരോഗ്യ – രോഗ പ്രതിരോധ കാര്യ വകുപ്പ് മന്ത്രി ഡോ. അബ്ദുല്‍ റഹ്മാന്‍ ബിന്‍ മുഹമ്മദ് ബിന്‍ നാസര്‍ അല്‍ ഉവൈസ്, സന്തോഷ കാര്യ സഹ മന്ത്രി ഉഹൂദ് ബിന്‍ത് ഖല്‍ഫാന്‍ അല്‍ റൗമി എന്നിവര്‍ പങ്കെടുക്കും.
ആയുര്‍വേദ, യോഗ ആന്‍ഡ് നാച്ചുറോപ്പതി, യുനാനി, സിദ്ധ, ഹോമിയോപ്പതി എന്നിവയുടെ സമ്മോഹനമാണ് ആയുഷ്. ഈ രംഗങ്ങളില്‍ നിന്നുള്ള 600 ഓളം പ്രതിനിധികളും 20 ലോക രാജ്യങ്ങളില്‍ നിന്നുള്ള വിദഗ്ധരും ആയുഷ് സമ്മേളനത്തില്‍ പങ്കെടുക്കും. ജീവിത ശൈലി രോഗങ്ങള്‍ പ്രതിരോധിക്കുവാനുള്ള അറിവുകളാണ് മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന സമ്മേളനം പങ്കുവെക്കുക.