കേരള കലാമണ്ഡലം പുരസ്‌കാരം മഞ്ജു വാര്യര്‍ക്ക് എന്തിന് നല്‍കി എന്ന് വുമണ്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ് സംഘടന
സിനിമാ താരം മഞ്ജു വാര്യര്‍ക്ക് കേരള കലാമണ്ഡലം എം.കെ.കെ നായര്‍ പുരസ്‌കാരം നല്‍കിയതിനു എതിരെ വുമണ്‍ പെര്‍ഫോര്‍മിങ് ആര്‍ട്സ് അസോസിയേഷന്‍ രംഗത്ത്. കലാമണ്ഡലത്തില്‍ നിന്ന് പഠിച്ചിറങ്ങുന്ന കലാകാരന്‍മാരെ തഴഞ്ഞിട്ടാണ് സിനിമാ നടികള്‍ക്ക് പുരസ്ക്കാരം നല്‍കുന്നതെ എന്ന് സംഘടന ആരോപിക്കുന്നു. മഞ്ജു വാര്യര്‍ നല്ല നര്‍ത്തകിയാണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷേ നൃത്തത്തിന് എന്ത് സംഭാവനയാണ് അവര്‍ ചെയ്തത്? ഇത്രയും കാലം എവിടെയായിരുന്നു? വര്‍ഷങ്ങളായി നൃത്തം ജീവിതോപാധിയാക്കിയവര്‍ക്ക് ഒരു വിലയുമില്ലേ? ഒരുപാട് പ്രതിസന്ധികള്‍ തരണം ചെയ്ത് കലാമണ്ഡലത്തില്‍ പഠിച്ച പലരും ആദിവാസി മേഖലകളിലും മലയോര മേഖലകളിലും നൃത്തം പഠിപ്പിക്കുന്നുണ്ട്. അവരുടെ ഈ സമര്‍പ്പണമൊന്നും ആരും കാണുന്നില്ല? അധികൃതര്‍ ഇതെല്ലാം അവഗണിക്കുകയാണ്. കലാകാരന്‍മാരുടെ ഉപജീവനമാര്‍ഗമാണിത്.
നൃത്തത്തില്‍ കഴിവ് തെളിയിച്ച പലരും ഇന്ന് ജീവിക്കാനായി പെട്രോള്‍ പമ്പിലും തുണിക്കടയിലുമെല്ലാം ജോലി ചെയ്യുകയാണ്. ഇവിടെ ഞങ്ങള്‍ക്ക് യാതൊരു വിലയുമില്ല. കലാമണ്ഡലത്തിന്റെ നേതൃത്വത്തില്‍ ഇരിക്കുന്നവര്‍ ഇതിനെക്കുറിച്ച് ചിന്തിക്കാറുമില്ല. കഴിഞ്ഞ വര്‍ഷം ഈ പുരസ്‌കാരം നല്‍കിയത് നടൻ ജയറാമിനാണ്. ഇത്തവണ മഞ്ജുവിനും അഭിനയത്തിലൂടെ പണമുണ്ടാക്കുന്ന സിനിമാക്കാര്‍ക്ക് ഇതിന്റെ ആവശ്യമുണ്ടെന്ന് എനിക്ക് തോന്നുന്നില്ല. എന്നാല്‍ ഇത്തരം പുരസ്‌കാരങ്ങള്‍ ഞങ്ങളെപ്പോലുള്ളവര്‍ക്ക് ഒരു പ്രോത്സാഹനമാണ്. ഇത് ചോദ്യം ചെയ്താല്‍ കലാമണ്ഡലത്തിലേക്ക് കടക്കാന്‍ പോലും അനുമതി നിഷേധിക്കും. അതിനാല്‍ പലരും മിണ്ടാതിരുന്ന് സഹിക്കുകയാണ്.