ആരുമറിയാതെ ടിക്കറ്റ് നിരക്ക് വര്‍ധിപ്പിച്ച് ഇന്ത്യന്‍ റെയില്‍വേ ; നിരക്ക് കൂട്ടാന്‍ തിരഞ്ഞെടുത്തത് പുതിയ മാര്‍ഗം
ന്യൂഡല്‍ഹി : ട്രെയിന്‍ ടിക്കറ്റ് നിരക്ക് കൂട്ടാന്‍ പുതിയ മാര്‍ഗങ്ങള്‍ കണ്ടുപിടിച്ച് ഇന്ത്യന്‍ റെയില്‍വേ. നിലവില്‍ രാജ്യത്ത് ഓടിക്കൊണ്ടിരിക്കുന്ന എക്സ്പ്രസ്, മെയില്‍ വണ്ടികള്‍ സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ചാണ് നിരക്കു വര്‍ധന കൊണ്ടുവന്നിരിക്കുന്നതെന്ന് ഐ.എ.എന്‍.എസ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു. നവംബര്‍ ഒന്നിന് നിലവില്‍വന്ന പുതിയ തീവണ്ടി സമയ പട്ടികയിലാണ് 48 തീവണ്ടികള്‍ സൂപ്പര്‍ ഫാസ്റ്റ് ആയി പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ ഇവയുടെ വേഗം മണിക്കൂറില്‍ അഞ്ച് കിലോമീറ്റര്‍ മാത്രമാണ് വര്‍ധിക്കുക. ഫലത്തില്‍ യാത്രാസമയത്തില്‍ കാര്യമായ നേട്ടം ഇല്ലാതെതന്നെ ഈ ട്രെയിനുകള്‍ക്ക് ജനങ്ങള്‍ കൂടിയ ചാര്‍ജ്ജ് നല്‍കേണ്ട സ്ഥിതിയാണുണ്ടാവുക. അതുപോലെ തീവണ്ടികള്‍ സൂപ്പര്‍ഫാസ്റ്റ് ആക്കുമ്പോള്‍ ഏതെങ്കിലും തരത്തിലുള്ള കൂടുതല്‍ സൗകര്യങ്ങള്‍ ഈ തീവണ്ടിയില്‍ ഒരുക്കുന്നുമില്ല.
സ്ലീപ്പറില്‍ യാത്രചെയ്യാന്‍ 30 രൂപ അധികം നല്‍കണം. അതുപോലെ സെക്കന്‍ഡ്, തേര്‍ഡ് എസി ടിക്കറ്റുകള്‍ക്ക് 45, 75 എന്നിങ്ങനെയും അധികം നല്‍കണം. പുതിയ നിരക്കുവര്‍ധനയോടെ 70 കോടി രൂപയുടെ അധിക വരുമാനമാണ് റെയില്‍വേ പ്രതീക്ഷിക്കുന്നത്. ശൈത്യകാലമാകുന്നതോടെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന പല തീവണ്ടികളും മണിക്കൂറുകളോളം വൈകിയോടുന്ന സാഹചര്യമാണുണ്ടാവുക. അതോടെ വേഗം വര്‍ധിപ്പിക്കുന്നത് യാത്രക്കാര്‍ക്ക് പ്രയോജനമൊന്നും ചെയ്യില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഇപ്പോള്‍ത്തന്നെ രാജധാനി, തുരന്തോ, ശതാബ്ദി എന്നിവ ആടക്കമുള്ള ട്രയിനുകള്‍ തുടര്‍ച്ചയായി വൈകിയാണ് ഓടുന്നത്.