വിനയത്തിന്റെ വിജയസോപാനങ്ങളില്‍ വിരാജിക്കുന്ന തെക്കുംമുറി ഹരിദാസിന് വേള്‍ഡ് മലയാളി ഫെഡറേഷന്റെ വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം
വിയന്ന: ലണ്ടനിലെ ഇന്ത്യന്‍ ഹൈകമ്മീഷനിലെ ഉദ്യോഗസ്ഥനും, ശ്രീകൃഷ്ണ റെസ്റ്റോറന്റ് ശൃഖലകളുടെ ഉടമസ്ഥനുമായ തെക്കുംമുറി ഹരിദാസ് എന്ന ടി. ഹരിദാസിന് ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടനയായ വേള്‍ഡ് മലയാളി ഫെഡറേഷന്റെ (WMF) വിശിഷ്ട സേവനത്തിനുള്ള പുരസ്‌കാരം. ഓസ്ട്രിയയുടെ തലസ്ഥാനമായ വിയന്നയില്‍ നടന്ന ആഗോള മലയാളി സംഗമത്തില്‍ പുരസ്‌കാരം അദ്ദേഹത്തിന് സമ്മാനിച്ചു.
കേരള നിയമസഭയുടെ സമരാധ്യനായ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍, രാജ്യസഭാംഗം പത്മശ്രീ ഭരത് സുരേഷ്‌ഗോപി എം.പി എന്നിവരുടെ സാന്നിധ്യത്തില്‍ ഓസ്ട്രിയയിലെ ഇന്ത്യന്‍ മിഷന്റെ സ്ഥാനപതി രേണുപാല്‍ പുരസ്‌കാരം ഹരിദാസിന് സമ്മാനിച്ചു. നിറഞ്ഞു കവിഞ്ഞ സദസ്സില്‍ വിവിധ രാജ്യങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന നൂറുകണക്കിന് പ്രവാസി മലയാളികളെ സാക്ഷിയാക്കി അദ്ദേഹം പുരസ്‌കാരം ഏറ്റുവാങ്ങി.
പീറ്റര്‍ ഫ്‌ളോറിയാന്‍ഷുട്സ് (പ്രസിഡന്റ്, വിയന്ന സ്റ്റേറ്റ് കമ്മീഷന്‍ ഫോര്‍ യൂറോപ്യന്‍ ആന്‍ഡ് ഇന്റര്‍നാഷണല്‍ അഫയേഴ്‌സ്), ഡോ. ക്രിസ്റ്റോഫ് മാത്സ്നെറ്റെര്‍ (പ്രസിഡന്റ്, ഓസ്ട്രിയന്‍ ഫെഡറേഷന്‍ ഓഫ് ബിസിനസ്മെന്‍), ഡോ. ഹെറാള്‍ഡ് ട്രോഹ് (എം.പി, ഓസ്ട്രിയ) എന്നിവരും പൊതുസമ്മേളനത്തില്‍ സന്നിഹിതരായിരുന്നു.
ലണ്ടന്‍ നഗരത്തിന് കേരളത്തിന്റെ തനതായ രൂചിക്കൂട്ടുകള്‍ സമ്മാനിച്ച തെക്കുംമുറി ഹരിദാസിന് ടൂറിസം മാന്‍ ഓഫ് ദി ഇയര്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി അവാര്‍ഡുകള്‍ ലഭിച്ചട്ടുള്ള വ്യക്തിയാണ്. അതേസമയം കഴിഞ്ഞ 45 വര്‍ഷമായി ലണ്ടന്‍ ഹൈകമ്മീഷനില്‍ ജോലിചെയ്യുന്ന അദ്ദേഹം ഒരു ഉദ്യോഗസ്ഥനെന്നതിനേക്കാള്‍ പ്രവാസികളുടെ ഹൃദയത്തോട് ഏറ്റവും ചേര്‍ത്ത് നിറുത്താവുന്ന സുഹൃത്ത് എന്ന നിലയിലാണ് യു.കെയില്‍ അറിയപ്പെടുന്നത്.
ഭാരതത്തില്‍ നിന്നും യു.കെയില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് പ്രത്യേകിച്ച് മലയാളികള്‍ക്ക് ഏറ്റം പ്രിയങ്കരമുഖമായ ഹരിദാസ്, പേരുപോലെ തന്നെ പെരുമാറ്റത്തിലും, ഔദ്യോഗിക ജീവിതത്തിലും എളിമ കാത്തുസൂക്ഷിക്കുന്ന അദ്ദേഹത്തിന്റെ സേവന വൈശിഷ്ട്യത്തിന്റെ മഹിമ മൂലമാണ് വിരമിക്കല്‍ കഴിഞ്ഞിട്ടുപോലും ഇന്ത്യന്‍ മിഷനില്‍ തുടരാന്‍ അദ്ദേഹത്തെ അധികാരികള്‍ നിലനിറുത്തുന്നത്.