‘ യെസ് റ്റു ക്രിക്കറ്റ് നോ റ്റു ഡ്രഗ്‌സ്’ ലഹരിയെ ‘ബൗണ്ടറി’ കടത്താന്‍ പിണറായിക്കൊപ്പം കൈകോര്‍ത്ത് കോഹ്‌ലിയും

കേരള പൊലീസിന്റെ ആന്റി ഡ്രഗ് ക്യാംപെയിന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ വിരാട് കോഹ് ലി ലഹരി വിരുദ്ധമുദ്രാവാക്യം ചൊല്ലിക്കൊടുത്തു.

ലഹരി വിരുദ്ധ ക്യാമ്പയിന്റെ ഭാഗമായി കേരള ക്രിക്കറ്റ് അസ്സോസിയേഷനുമായി ചേര്‍ന്ന് സംഘടിപ്പിക്കുന്ന ‘ക്രിക്കറ്റിനു സ്വാഗതം, മയക്കുമരുന്നിനു വിട’ (‘Yes to cricket No to drugs’.) പരിപാടിക്കാണ് മുഖ്യമന്ത്രി പിണറായി വിജയനും ഇന്ത്യന്‍ നായകന്‍ വിരാട് കൊഹ്‌ലിയും ചേര്‍ന്ന് തുടക്കം കുറിച്ചത്.

യുവാക്കളെയും വിദ്യാര്‍ത്ഥികളെയും മയക്കുമരുന്നിന്റെ ഇരകളാകുന്ന പ്രവണതയില്‍ നിന്ന് മുക്തരാക്കി സ്‌പോര്‍ട്‌സിലേയ്ക്കും അനുബന്ധപ്രവര്‍ത്തനങ്ങളിലേയ്ക്കും ശ്രദ്ധ തിരിച്ച് വിടുക എന്നതാണ് ഈ പരിപാടിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

പതിനയ്യായിരത്തോളം കുട്ടികളേയും കോളേജ് വിദ്യാര്‍ത്ഥികളെയും പങ്കെടുപ്പിച്ച് ബൃഹത്തായ ലഹരി വിരുദ്ധ പ്രവര്‍ത്തനങ്ങളാണ് ഈ സംരംഭത്തിലൂടെ മുന്നോട്ടു വക്കുന്നതെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹറ പറഞ്ഞു.തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യ്തത്. വിരാട് കൊഹ്‌ലിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ ടീമും പരിപാടികളില്‍ ഭാഗമായി.