നടിയെ ആക്രമിച്ച കേസില്‍ കുറ്റപത്രം രണ്ടു ദിവസത്തിനകം സമര്‍പ്പിക്കും; ദിലീപ് ഒന്നാം പ്രതിയാകില്ല
തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച കേസിലെ കുറ്റപത്രം വ്യാഴാഴ്ച അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയില്‍ സമര്‍പ്പിച്ചേക്കുമെന്ന് റിപ്പോര്‍ട്ട്. അന്വേഷണസംഘം കൈമാറിയ കുറ്റപത്രത്തിന്റെ കരട് ബെഹ്‌റ പരിശോധിച്ചു വരികയാണ്. കേസുമായി ബന്ധപ്പെട്ട് കൂടുതലായി ഒരു തെളിവുകളും ലഭിച്ചിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം. എങ്കിലും കുറ്റപത്രത്തില്‍ പഴുതുകള്‍ ഒഴിവാക്കാനുള്ള സൂക്ഷ്മപരിശോധനയാണ് ഇപ്പോള്‍ നടക്കുന്നത്.
സംഭവവുമായി നേരിട്ടു ബന്ധമുള്ള പള്‍സര്‍ സുനി അടക്കം ആറു പേരെ നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനാല്‍ ദിലീപ് ഏഴാം പ്രതിയാകുമെന്നാണു സൂചന. ചില സാങ്കേതിക കാര്യങ്ങള്‍ കൂടി പരിഹരിക്കാനുണ്ടെന്നും അതിനാലാണു കുറ്റപത്രം നല്‍കാന്‍ വൈകുന്നതെന്നും ബെഹ്‌റ പറഞ്ഞു. പൊലീസിനു നല്‍കിയ മൊഴി ചില സാക്ഷികള്‍ കോടതിയില്‍ മാറ്റിപ്പറഞ്ഞിരുന്നു. അതാണ് അന്വേഷണസംഘത്തെ വട്ടം കറക്കുന്നത്. ഇതില്‍ സ്വീകരിക്കേണ്ട നിലപാടുകൂടി തീരുമാനിച്ചിട്ടാകും കുറ്റപത്രം നല്‍കുക.
കേസിലെ നിര്‍ണായകതെളിവുകളില്‍ ഒന്നായ മൊബൈല്‍ ഫോണ്‍ കണ്ടെടുക്കാന്‍ ഇതുവരെ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. മൊബൈല്‍ ഫോണ്‍ നശിപ്പിച്ചെന്നായിരുന്നു അഭിഭാഷകന്‍ പ്രതീഷ് ചാക്കോയുടെ മൊഴി. ഇതുപ്രകാരമുള്ള അന്വേഷണം തുടരും. 20 വര്‍ഷംവരെ തടവുശിക്ഷ ലഭിക്കാവുന്ന കൂട്ടമാനഭംഗം, ഗൂഢാലോചനാക്കുറ്റങ്ങളാണ് നടന്‍ ദിലീപിനെതിരെ ചുമത്തിയിരിക്കുന്നത്. പള്‍സര്‍ സുനിക്കെതിരെ കൂട്ടമാനഭംഗം ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.