മണ്ടത്തരമായിരുന്നുവെന്ന് നരേന്ദ്രമോദി സമ്മതിക്കണം; മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്
നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് മുന്നോടിയായി ബ്ലൂംബര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ കൂടിയായ മന്‍മോഹന്‍ സിങിന്റെ വിമര്‍ശനം. നോട്ടുകള്‍ അസാധുവാക്കിയ നടപടി വലിയ മണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി സമ്മതിക്കണമെന്നും നോട്ടുനിരോധന വിഷയത്തില്‍ രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്ന മോദിയുടെ ശൈലി ഇനിയെങ്കിലും അവസാനിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
സമൂഹത്തിലെ ദുര്‍ബല വിഭാഗങ്ങളില്‍ നോട്ടുനിരോധനം വരുത്തിയ തകര്‍ച്ച ഒരു സാമ്പത്തിക സൂചികകള്‍ക്കും കണ്ടെത്താനാകാത്ത വിധത്തിലുള്ളതാണെന്നും രാജ്യത്ത് അസമത്വം വര്‍ധിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ പോലുള്ള ബഹുസ്വര രാജ്യങ്ങളുടെ വളര്‍ച്ചയെ അസമത്വം വളരെയധികം പിന്നോട്ടടിക്കുമെന്നും മന്‍മോഹന്‍ സിങ് ചൂണ്ടിക്കാട്ടി. ഇനിയെങ്കിലും തെറ്റ് സമ്മതിച്ച് ഇന്ത്യന്‍ ജനതയോട് മാപ്പ് പറയണമെന്നും മന്‍മോഹന്‍ സിങ് ആവശ്യപ്പെട്ടു.