ഇന്ത്യ – ന്യൂസീലന്‍ഡ് ടി20: റണ്‍ മഴ പെയ്യേണ്ടതാ.. മഴയെ.. നീ.. പെയ്യരുതേ; ആവേശത്തിമിര്‍പ്പില്‍ ആരാധകര്‍
ആദ്യ മത്സരത്തില്‍ 53 റണ്‍സിന് ന്യുസിലാന്‍ഡിനെ തോല്‍പിച്ച് ഇന്ത്യ ശക്തി തെളിക്കയിച്ചപ്പോള്‍, രണ്ടാം മത്സരത്തില്‍ അതെ നാണയത്തില്‍ തിരിച്ചടിച്ച് തങ്ങളും ഒട്ടും മോശമല്ലെന്ന് ന്യുസിലാന്‍ഡും തെളിയിച്ചു. ഓരോ ജയവുമായി ഒപ്പത്തിനൊപ്പം നില്‍ക്കുമ്പോള്‍, എന്നാല്‍ മൂന്നാം മത്സരത്തില്‍ കാണാം എന്ന വാശിയിലാണ് ഇരു കൂട്ടരും. ജയിക്കുന്നവര്‍ക്ക് കപ്പടിക്കാം. അത് ഇന്ത്യയാകണേ എന്ന പ്രാര്‍ത്ഥനയിലാണ് കാര്യവട്ടത്തെത്തുന്ന ഓരോ മലയാളിയും. പിന്നെ വേറൊന്നുകൂടി മഴ വില്ലനാകരുതേ എന്ന്.
ലോകത്തിലെ തന്നെ മികച്ച സ്‌റേഡിയങ്ങളില്‍ ഒന്നാണ് കേരളത്തിന്റെ തലസ്ഥാന നഗരിയിലുള്ള കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം.ന്യൂസീലന്‍ഡിനെപ്പോലെതന്നെ ഇന്ത്യയ്ക്കും കാര്യവട്ടം സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തിലെ പിച്ച് അപരിചിതം. കോച്ച് രവി ശാസ്ത്രിയുടെയും ക്യാപ്റ്റന്‍ വിരാട് കോഹ്!ലിയുടെയും നേതൃത്വത്തില്‍ പിച്ച് പരിശോധിച്ചശേഷമേ അന്തിമ ഇലവനെ തീരുമാനിക്കൂ. കഴിഞ്ഞ കളിയില്‍ അഞ്ചു സ്‌പെഷലിസ്റ്റ് ബോളര്‍മാരുമായാണ് ഇന്ത്യ ഇറങ്ങിയത്. അതിന്റെ ഫലം കിട്ടിയില്ല. അതുകൊണ്ടുതന്നെ നാലു ബോളര്‍മാരും ഹാര്‍ദിക് പാണ്ഡ്യയും എന്ന പഴയ ഫോര്‍മാറ്റിലേക്കു തിരിയെപ്പോകാനുള്ള സാധ്യതയുണ്ട്. കഴിഞ്ഞ കളിയില്‍ അരങ്ങേറ്റം കുറിച്ച മുഹമ്മദ് സിറാജിന് ഒരു അവസരംകൂടി ലഭിക്കുമോ എന്നു കാത്തിരുന്നു കാണേണ്ടിവരും. മലയാളിവേരുകളുള്ള ശ്രേയസ്സ് അയ്യര്‍ അന്തിമ ഇലവനില്‍ തുടരുമെന്നാണു സൂചന.
സ്‌പോര്‍ട്‌സ് ഹബ് സ്റ്റേഡിയത്തില്‍ അഞ്ചു പിച്ചുകളാണ് ഒരുക്കിയിട്ടുള്ളത്. ഇതില്‍ ബാറ്റിങ്ങിനെ പിന്തുണയ്ക്കുന്ന പിച്ചിലായിരിക്കും ഇന്നത്തെ മല്‍സരം. ബാറ്റിങ് വെടിക്കെട്ടു കാണാനെത്തുന്നവര്‍ നിരാശപ്പെടേണ്ടിവരില്ല എന്നാണു ക്യൂറേറ്റര്‍ സംഘം നല്‍കുന്ന സൂചന. പക്ഷെ ഇതെല്ലാം നടക്കണമെങ്കില്‍ പ്രകൃതി കനിഞ്ഞേ മതിയാകു.
രണ്ടുദിവസമായി തലസ്ഥാനത്ത് തകര്‍ത്ത് പെയ്യുകയാണ് മഴ. ഇന്നും ഇതിനു മാറ്റമൊന്നുമുണ്ടാകില്ലെന്നാണ് കാലാവസ്ഥ കേന്ദ്രത്തെ നല്‍കുന്ന വിവരം. എങ്കിലും റണ്‍ മഴ കാണാന്‍ കൊതിക്കുന്ന ആരാധകര്‍ പ്രാര്‍ത്ഥനയിലാണ്. ഇന്നുച്ചയ്ക്കുശേഷവും മഴയ്ക്കു സാധ്യതയുണ്ടെന്നാണു കാലാവസ്ഥാ പ്രവചനം. അഞ്ചുമണിക്കെങ്കിലും മഴ തോര്‍ന്നാല്‍ മല്‍സരം നടത്താനാകുമെന്നു കേരള ക്രിക്കറ്റ് അസോസിയേഷന്‍ അധികൃതര്‍ പറയുന്നു. ഔട്ട്ഫീല്‍ഡും പിച്ചും ഉള്‍പ്പെടെയുള്ളവ പൂര്‍ണമായും മൂടിയിട്ടിരിക്കുകയാണ്. കനത്ത മഴ പെയ്താലും വെള്ളക്കെട്ടുണ്ടാകാത്ത വിധത്തിലാണു സ്റ്റേഡിയം നിര്‍മിച്ചിരിക്കുന്നത്.