ഇന്ത്യ-ന്യുസിലാന്‍ഡ് ടി20: കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന കൊഴുക്കുന്നു; സ്റ്റേഡിയത്തിനടുത്തള്ളവര്‍ക്ക് പോലും കരിഞ്ചന്തയില്‍ ടിക്കറ്റ് വാങ്ങേണ്ട ഗതികേട്. 700 രൂപയുടെ ടിക്കറ്റ് വില്‍ക്കുന്നത് 5000ത്തിനും,3500നും.

തിരുവനന്തപുരം:ഇന്ത്യന്യുസിലാന്‍ഡ് ടി20 പരമ്പരയിലെ അവസാന മത്സരത്തിന്റെ ടിക്കറ്റ് വിതരണത്തില്‍ ക്രമക്കേട് നടക്കുന്നുണ്ടെന്ന് ആരാധകര്‍. മത്സരം ഇന്ന് വൈകുന്നേരം ഏഴിന് ആരംഭിക്കാനിരിക്കെ സ്റ്റേഡിയത്തിനു പുറത്ത് ക്രമീകരിച്ചിരിക്കുന്ന കൗണ്ടറുകള്‍ വഴി ഇതുവരെ ടിക്കറ്റ് വിതരണം നടന്നിട്ടില്ല.ഇതിനെതിരെ ആരാധകര്‍ പ്രതിഷേധവുമായി രംഗത്ത് വന്നെങ്കിലും, അതൊന്നും ഗൗനിക്കാത്ത മട്ടിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍.

പരമ്പരയിലെ അവസാന മത്സരം നടക്കുന്ന തിരുവനന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിനു സമീപമുള്ളവര്‍ ടിക്കറ്റ് വിതരണം ആരംഭിച്ചത് മുതല്‍ സ്റ്റേഡിയത്തിനു പുറത്തുള്ള കൗണ്ടറുകളില്‍ ടിക്കറ്റ് വാങ്ങാനെത്തിയെങ്കിലും നിരാശയായിരുന്നു ഫലം.ടിക്കറ്റ് വില്‍പ്പന അവസാനിച്ച ഇന്നലെവരെയും കൗണ്ടര്‍ വഴി ഒരു ടിക്കറ്റ് പോലും നല്‍കിയിട്ടില്ല.ടിക്കറ്റ് വിതരണം ചെയ്യുന്ന ഫെഡറല്‍ ബാങ്കിലെത്തിയപ്പോള്‍,ഒരു ദിവസം 300 ടിക്കറ്റുകളാണ് നല്‍കുന്നതെന്നും,അതെല്ലാം നേരത്തെ വിറ്റുകഴിഞ്ഞു എന്നുമാണ് ലഭിച്ച മറുപടി.
അവസാന നിമിഷം ഓണ്‍ലൈന്‍ വഴി ടിക്കറ്റിനു ശ്രമിച്ചപ്പോള്‍ സൈറ്റ് ബ്ലോക്കായ സാഹചര്യമാണുണ്ടായത്.

അതെ സമയം മത്സരം ആരംഭിക്കാന്‍ മണിക്കൂറുകള്‍ മാത്രമവശേഷിക്കെ കരിഞ്ചന്തയില്‍ ഇപ്പോഴും ടിക്കറ്റ് വില്‍പ്പന സജീവമായി നടക്കുകയാണ്. ഏറ്റവും കുറഞ്ഞ നിരക്കിലുള്ള 700 രൂപയുടെ ടിക്കറ്റ് പോലും 5000,3500 രൂപ നിരക്കിലാണ് വില്‍ക്കുന്നത്. രണ്ടു, നാല്, ആറ് എന്നിങ്ങനെയെ ടിക്കറ്റ് നല്‍കു. മൂന്നോ അഞ്ചോ ടിക്കറ്റുകളായി നല്‍കില്ല. പറയുന്ന കാശ് നല്‍കുകയാണെങ്കില്‍ നഗരത്തിലെവിടെയും ടിക്കറ്റ് എത്തിച്ചു തരാന്‍ ആള് റെഡി.വില കൂടുതലാണെങ്കില്‍ ഇതിലും കൂടുതല്‍ കാശ് നല്‍കി ടിക്കറ്റ് വാങ്ങാന്‍ ആളുണ്ട് എന്നാണു കരിഞ്ചന്തയില്‍ വിതരണക്കാര്‍ പറയുന്നത്.

എന്നാല്‍ സ്റ്റേഡിയത്തിനു സമീപമുള്ള ആര്‍ക്കും തന്നെ ഇതുവരെ ടിക്കറ്റ് ലഭ്യമായിട്ടില്ല. സ്റ്റേഡിയത്തിനു പുറത്തുള്ള കൗണ്ടര്‍ വഴി ടിക്കറ്റ് വിതരണം നടക്കാത്തതാണ് തങ്ങള്‍ക്കു ടിക്കറ്റ് ലഭ്യമാക്കാത്തതിന് കാരണമെന്നാണ് പ്രദേശ വാസികള്‍ പറയുന്നത്. ഇതിനെതിരെ തങ്ങള്‍ പ്രതിഷേധം നടത്തിയെങ്കിലും, കേരളം ക്രിക്കറ്റ് അസ്സോസിയേഷനോ, മറ്റധികാരികളോ അതൊന്നും ഗൗനിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. സാധാരണക്കാരെ വഞ്ചിച്ചുകൊണ്ടു കരിഞ്ചന്തയില്‍ ടിക്കറ്റ് വില്‍പ്പന നടത്താന്‍ അധികൃതരും ഒത്താശ ചെയ്യുകയാണെന്നാണ് ഇവര്‍ പറയുന്നത്. ഇതിനെതിരെ മത്സരം കഴിഞ്ഞാലും പ്രതിഷേധം തുടരാനുള്ള പുറപ്പാടിലാണ് കാര്യവട്ടം ,ചാവടിമുക്ക് പ്രദേശത്തെ ക്രിക്കറ്റ് ആരാധകര്‍.വലിയ സ്‌ക്രീനില്‍ ടിക്കറ്റ് ലഭിക്കാത്തവര്‍ക്കായി ഇന്നത്തെ മത്സരം പ്രദര്‍ശിപ്പിക്കുമെന്നും ഇവര്‍ പറയുന്നു.