ട്രംപിനു നടുവിരല്‍ നമസ്ക്കാരം നല്‍കിയ യുവതിയെ ജോലിയില്‍ നിന്നും പിരിച്ചുവിട്ടു

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനു നേരെ അശ്ലീല ആംഗ്യം(നടുവിരല്‍ നമസ്ക്കാരം) കാണിച്ച വനിതയെ കമ്പനി ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. ജൂലി ബ്രിക്സ്മാന്‍ എന്ന വനിതയെയാണ് അക്കിമ എല്‍ എല്‍ സി കമ്പനി പിരിച്ചു വിട്ടത്. കമ്പനിയിലെ മാര്‍ക്കറ്റിങ് ഓഫീസറായിരുന്നു ഇവര്‍.ഒക്ടോബര്‍ 28 നായിരുന്നു സംഭവം. ട്രംപിന്റെ വാഹനവ്യൂഹം കടന്നുപോകുന്നതിനിടെയായിരുന്നു സൈക്കിളില്‍ പോവുകയായിരുന്ന ജൂലി വിരല്‍ കൊണ്ട് അശ്ലീല ആംഗ്യം കാണിച്ചത്. വൈറ്റ് ഹൗസില്‍നിന്ന് ട്രംപ് നാഷണല്‍ ഗോള്‍ഫ് ക്ലബ്ബിലേക്കുള്ള യാത്രയിലായിരുന്നു ട്രംപ്. എ എഫ് പിയുടെ വൈറ്റ് ഹൗസ് ഫോട്ടോഗ്രാഫറായ ബ്രണ്ടന്‍ സ്മിലോവ്സ്‌കിയാണ് അശ്ലീല ആംഗ്യം കാണിക്കുന്ന ജൂലിയുടെ ചിത്രം പകര്‍ത്തിയത്. ഫോട്ടോ പിന്നീട് വൈറലാവുകയായിരുന്നു.

ഫെയ്സ്ബുക്കില്‍ പ്രൊഫൈല്‍ ചിത്രമായും ട്വിറ്ററില്‍ കവര്‍ ഫോട്ടോയായും ജൂലി ചിത്രം നല്‍കിയിരുന്നു. സംഭവത്തിനു മൂന്നുദിവസത്തിനു ശേഷമാണ് പിരിച്ചുവിടുന്ന കാര്യം കമ്പനി ജൂലിയെ അറിയിച്ചത്. അവര്‍ എന്നെ എന്തിന് പിരിച്ചുവിടുന്നുവെന്നറിയില്ല. ഇനിയും ഞാന്‍ അത് ചെയ്യും- അവര്‍ പറഞ്ഞു. അമേരിക്കന്‍ സര്‍ക്കാരിനും സൈന്യത്തിനും വേണ്ടി ജോലി ചെയ്യുന്ന കമ്പനിയാണ് അക്കിമ എല്‍ എല്‍ സി. ഡെമോക്രാറ്റുകാരിയാണ് ജൂലി. ട്രംപ് കടന്നുപോയപ്പോള്‍ എന്റെ ചോര തിളച്ചുവെന്നാണ് ജൂലി പറയുന്നത്.