കേരളത്തില്‍ കളി നടക്കുമ്പോള്‍ ശ്രീശാന്തിന് പറയാനുള്ളത്; ധോണിയും ദ്രാവിഡും എന്റെ ജീവിതം തകര്‍ത്തു

2013ലെ ഐ.പി.എല്‍ മത്സരത്തിനിടയിലാണ് ചെന്നൈ സൂപ്പര്‍ കിംഗ്സുമായുള്ള മത്സരത്തില്‍ ഒത്തുകളി നടത്തിയെന്ന കേസില്‍ ശ്രീശാന്തിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് 2015ല്‍ ഡല്‍ഹി കോടതി കേസില്‍ കുറ്റവിമുക്തനാക്കിയെങ്കിലും ബി.സി.സി.ഐ ഏര്‍പ്പെടുത്തിയ വിലക്ക് തുടരുകയായിരുന്നു. ഇതിനെതിരെ കേരള ഹൈക്കോടതിയില്‍ ശ്രീശാന്ത് നല്‍കിയ ഹര്‍ജി പരിഗണിച്ച് സിംഗിള്‍ ബെഞ്ച് വിലക്ക് നീക്കിയെങ്കിലും ബി.സി.സി.ഐ നല്‍കിയ അപ്പീലില്‍ ഡിവിഷന്‍ ബെഞ്ച് വീണ്ടും വിലക്ക് ഏര്‍പ്പെടുത്തി. ഇതിനെതിരെ സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ് ശ്രീശാന്ത്.

ആറോ അതില്‍ അധികമോ ഇന്ത്യന്‍ താരങ്ങളെ അന്നത്തെ ഐ.പി.എല്‍ കോഴക്കേസില്‍ ഡല്‍ഹി പൊലീസ് കുറ്റക്കാരായി കണ്ടെത്തി. ആ പേരുകള്‍ പുറത്ത് എത്തിയിരുന്നെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ അത് സാരമായി ബാധിക്കുമായിരുന്നെന്നും. എന്നാല്‍ നിരപരാധിയായ എന്നെയും ചിലരെയും കുടുക്കി കേസ് ശരിക്കും ഒതുക്കി തീര്‍ത്തതാണെന്നും ഒരു ദേശീയ ടെലിവിഷന്‍ ചാനലിന് അനുവദിച്ച അഭിമുഖത്തില്‍ ശ്രീശാന്ത് പറഞ്ഞു.

‘എന്നെ ഏറെ അറിയുന്ന ദ്രാവിഡ് രാജസ്ഥാന്‍ റോയല്‍സ് ടീമില്‍ ഉണ്ടായിട്ടും എനിക്ക് ഒപ്പം നിന്നില്ല. പ്രതിസന്ധിയിലേക്ക് പോകുന്ന സമയത്ത് ധോണിക്ക് ഞാന്‍ വിശദമായ സന്ദേശം അയച്ചിരുന്നു, എന്നാല്‍ ഒരു മറുപടി പോലും ലഭിച്ചില്ല’. തന്റെ ജീവിതം തകര്‍ത്തത് മഹേന്ദ്രസിംഗ് ധോണിയും രാഹുല്‍ ദ്രാവിഡുമാണ് ആവശ്യമായ സമയത്ത് ഇവര്‍ പിന്തുണ നല്‍കിയില്ലെന്നും, തന്റെ വാക്കുകള്‍ കേള്‍ക്കാനുള്ള സന്മനസ് പോലും ഇരുവരും കാണിച്ചില്ലെന്നും ശ്രീശാന്ത് പറയുന്നു. എന്തും നേരിടാന്‍ തയ്യാറാണെന്നും, കളിക്കാന്‍ അനുവദിച്ചാല്‍ ഏത് രാജ്യത്തിന് വേണ്ടിയും കളിക്കാന്‍ താന്‍ ഒരുക്കമാണെന്നും ശ്രീശാന്ത് വ്യക്തമാക്കി.