തോമസ് ചാണ്ടിയെ സംരക്ഷിക്കുന്നതു സര്‍ക്കാരിന്റെ രാഷ്ട്രീയ അഴിമതിയെന്ന് രമേശ് ചെന്നിത്തല
കോഴിക്കോട്: തോമസ് ചാണ്ടിയുടെ കായല്‍ കൈയേറ്റ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേഷ് ചെന്നിത്തല. കായല്‍ കയ്യേറ്റക്കാരന് തോമസ് ചാണ്ടിയെ മന്ത്രിസഭയില്‍ സംരക്ഷിക്കുന്നതു സര്‍ക്കാരിന്റെ രാഷ്ട്രീയ അഴിമതിയാണെന്നു രമേശ് ചെന്നിത്തല പറഞ്ഞു. പാര്‍ട്ടിക്കു വേണ്ടി ജീവിതം ഒഴിഞ്ഞു വച്ച ഇ.പി. ജയരാജനു നല്‍കാത്ത സൗകര്യമാണ് തോമസ് ചാണ്ടിക്കു വേണ്ടി സി.പി.എം നല്‍കുന്നത്. കുറ്റവാളിയെ മന്ത്രിസഭയില്‍ സംരക്ഷിക്കുന്ന മുഖ്യമന്ത്രിയും സി.പി.എമ്മും നടത്തുന്നതു നാണംകെട്ട പണിയാണെന്നും ചെന്നിത്തല പറഞ്ഞു. തോമസ് ചാണ്ടി, കായല്‍ കൈയേറ്റം നടത്തി എന്ന് കലക്ടര്‍ വ്യക്തമായി റിപ്പോര്‍ട്ട് ചെയ്തിട്ടും സര്‍ക്കാരിന് കുലുക്കമില്ല.
കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തു ത്വരിത പരിശോധന ഉത്തരവിന്റെ പേരില്‍ മന്ത്രിമാര്‍ രാജിവയ്ക്കണമെന്നു ആവശ്യപ്പെട്ടു സമരം നടത്തിയവര്‍ ഇന്നു കലക്ടര്‍ നിയമ ലംഘനം മുഴുവന്‍ കണ്ടെത്തി റിപ്പോര്‍ട്ടു നല്‍കിയിട്ടും മന്ത്രിയെ പുറത്താക്കാത്തതിന്റെ കാരണം ജനങ്ങളെ ബോധ്യപ്പെടുത്തണം. ഭരിക്കുന്ന മന്ത്രി കലക്ടര്‍ക്കെതിരെ കേസു കൊടുത്ത അസാധാരണ നടപടിയും കേരളത്തിലുണ്ടായി. തോമസ് ചാണ്ടിയുടെ രാജി അടിയന്തരമായി മുഖ്യമന്ത്രി വാങ്ങണം, അല്ലെങ്കില്‍ മന്ത്രിയെ പുറത്താക്കാന്‍ പിണറായി തയാറാകണമെന്നും രമേശ് ആവശ്യപ്പെട്ടു.
ജനകീയ സമരങ്ങളെ അവഗണിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിക്കണം. കേരളത്തിലെ റേഷന്‍ കടകള്‍ തുറന്നു പ്രവര്‍ത്തിക്കാനുള്ള സാഹചര്യം ഒരുക്കണം. സര്‍ക്കാര്‍ വാഗ്ദാന ലംഘനം നടത്തിയതിന്റെ പേരിലാണു റേഷന്‍ വ്യാപാരികള്‍ സമരം ചെയ്യുന്നത്. റേഷന്‍ വിതരണം പുനരാരംഭിക്കാന്‍ സര്‍ക്കാരും സമരക്കാരും വിട്ടുവീഴ്ചയ്ക്കു തയാറാവണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഗെയില്‍ സമരക്കാരുടെ പേരിലെ മുഴുവന്‍ കേസുകളും സര്‍ക്കാര്‍ പിന്‍വലിക്കണം. എരഞ്ഞിമാവില്‍ പൊലീസ് നടത്തിയതു നര നായാട്ടാണെന്നും അദ്ദേഹം പറഞ്ഞു. ഗെയില്‍ പദ്ധതിക്കെതിരെ യു.ഡി.എഫ് സമരം നടത്തില്ല. അവിടത്തെ മനുഷ്യാവകാശ ലംഘനങ്ങളില്‍ ജനങ്ങള്‍ക്കൊപ്പം നില്ക്കും. ഉമ്മന്‍ ചാണ്ടി ഉദ്ഘാടനം ചെയ്ത പദ്ധതിക്കെതിരെ സമരം നടത്താനുള്ള രാഷ്ട്രീയ മൗഢ്യം ഇല്ല. പദ്ധതി നടപ്പാക്കണം. അതു മനുഷ്യാവകാശങ്ങള്‍ ലംഘിച്ചു കൊണ്ടാകരുതെന്നും അദ്ദേഹം പറഞ്ഞു.