ചൈനീസ് ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വന്‍സംഘം പിടിയില്‍
ചൈനയില്‍നിന്ന് ഇറക്കുമതി ചെയ്ത അത്യാധുനിക ഉപകരണങ്ങള്‍ ഉപയോഗിച്ച് വാഹനങ്ങള്‍ മോഷ്ട്ടിക്കുന്ന വമ്പന്‍ സംഘം പിടിയില്‍. ഡല്‍ഹി, രാജസ്ഥാന്‍, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ 15 വര്‍ഷമായി വാഹന മോഷണത്തില്‍ ഏര്‍പ്പെട്ടിരുന്ന വന്‍ സംഘമാണ് പിടിയിലായത്. ഇവരില്‍നിന്ന് അത്യാധുനിക ഉപകരണങ്ങളും വ്യാജ നമ്പര്‍പ്ലേറ്റുകളും മറ്റുപകരണങ്ങളും പിടികൂടിയിട്ടുണ്ട്. മോഷണ സംഘത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് സംഘത്തിലെ ആറു പേര്‍ അറസ്റ്റില്‍ ആകുന്നത്. 2001 മുതല്‍ ഇവര്‍ ഡല്‍ഹി കേന്ദ്രീകരിച്ച് വാഹന മോഷണം നടത്തിവരികയാണ്. നൂറുകണക്കിന് വാഹനങ്ങളാണ് ഇക്കാലത്തിനിടയില്‍ ഇവര്‍ പല സംസ്ഥാനങ്ങളില്‍നിന്നായി മോഷ്ട്ടിച്ചത്.
ഓരോ മാസവും 9-10 വാഹനങ്ങളാണ് ഇവര്‍ മോഷ്ടിക്കാറുള്ളത്. മോഷ്ടിച്ച വാഹനങ്ങള്‍ ലകനൗ അല്ലെങ്കില്‍ ഭോപ്പാല്‍ വഴി ആസ്സാമിലേയ്ക്ക് കടത്തുകയാണ് ഇവരുടെ രീതി. ഇന്റര്‍നെറ്റ് വഴിയാണ് ഇവര്‍ പുതിയ ഉപകരണങ്ങള്‍ വാങ്ങുന്നതും അതുപോലെ ആഡംബര വാഹനങ്ങള്‍ അടിച്ചുമാറ്റുന്നതും. അത്യാധുനിക വാഹനങ്ങളുടെ പൂട്ടുകള്‍ തകര്‍ക്കുന്നതിനുള്ള മാര്‍ഗങ്ങള്‍ ഇന്റര്‍നെറ്റില്‍നിന്നുള്ള വീഡിയോകളില്‍നിന്നാണ് ലഭിക്കുന്നത്. വാഹനങ്ങളുടെ ഇലക്ട്രോണിക് പൂട്ട് തകര്‍ക്കുന്നതിനുള്ള കീ പ്രോഗ്രാമര്‍, എക്‌സ്-100 എന്ന പേരിലുള്ള പ്രത്യേക ടൂള്‍ കിറ്റ്, ജിപിഎസ് ജാമ്മര്‍ എന്നിവ ചൈനയില്‍ നിന്നാണ് വരുത്തിയത്. വാഹന വിപണിയിലെ ഏറ്റവും മികച്ച മോഡല്‍ വാഹനങ്ങളാണ് ഇവര്‍ ലക്ഷ്യംവയ്ക്കാറുള്ളത്.