മലയാളി ‘വേറെ ലെവല്’ തന്നെ; ധോണിയുടെ കട്ട ഫാനായ പാലാക്കാരന്‍ പയ്യന്‍; ചിത്രം വൈറലാകുന്നു
ഏതു കായിക ഇനത്തോടും അടങ്ങാത്ത ഇഷ്ട്ടം മനസ്സില്‍ സൂക്ഷിക്കുന്നവരാണ് മലയാളികള്‍. അതിനിയിപ്പോ ക്രിക്കറ്റായാലും, ഫുട്‌ബോളായാലും അത്‌ലറ്റിക്‌സ് ആയാലും,സ്‌പോര്‍ട്‌സ് എന്നാല്‍ മലയാളിക്ക് വിനോദത്തിനപ്പുറത്ത് വികാരമാണവ. കായിക ലോകത്തെ പ്രതിഭകളെയും അങ്ങേയറ്റം ആരാധനയോടെ കാണുന്നവരുടെ കൂട്ടത്തിലാണ് മിക്ക മലയാളികളും.
സ്‌പോര്‍ട്‌സിന്റെ കാര്യത്തില്‍ മലയാളികള്‍ വേറെ ലെവല്‍ ആണെന്ന് തെളിയിക്കുന്ന മത്സരമായിരുന്നു ഇന്നലെ തിരുവനന്തപുരത്ത് വെച്ച് നടന്ന ഇന്ത്യ- ന്യൂസിലാന്‍ഡ് മൂന്നാം ട്വിന്റി-20. കനത്ത മഴയായിരുന്നിട്ടു കൂടി മത്സരം നടക്കുന്ന തിരുവനന്തപുരത്തെ ഗ്രീന്‍ ഫീല്‍ഡ് സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ ഒഴുക്ക് തന്നെയായിരുന്നു.ഇന്ത്യന്‍ ടീമിനെ വരവേല്‍ക്കാന്‍ പ്ലക്കാര്‍ഡുകളും പോസ്റ്ററുകളും അടക്കമാണ് ആരാധകര്‍ എത്തിയത്.
മഴ കാരണം മത്സരം വൈകിയെങ്കിലും അവസാന നിമിഷം വരെ പ്രതീക്ഷയോടെ കാത്തിരുന്ന ആരാധകര്‍ക്ക് നിരാശരാകേണ്ടി വന്നില്ല എന്നത് കളിക്കളത്തിലെ കാവ്യ നീതിയായാവാം.
കളിയോടുള്ള അഭിനിവേശം പോലെയാണ് കളിക്കാരോടുള്ള ആരാധനയും. ഇഷ്ട്ടകായിക താരത്തെ നെഞ്ചിലേറ്റി നടക്കുന്ന മലയാളികള്‍ പലപ്പോഴും വാര്‍ത്തകളില്‍ ഇടംപിടിക്കാറുമുണ്ട്. അത്തരത്തില്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിരിക്കുകയാണ് പാലായില്‍ നിന്നും ഇന്നലത്തെ ഇന്ത്യയുടെ മത്സരം കാണാനെത്തിയ ഈ ആരാധകന്‍.
മുന്‍ ഇന്ത്യന്‍ നായകന്‍ ധോണിയോടുള്ള ഇഷ്ട്ടം തലയ്ക്കു പിടിച്ച സനുനാദ് ഗോപാലകൃഷ്ണന്‍ എന്ന യുവാവിന്റെ ചിത്രമാണ് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത്.
‘മോളേ സിവാ, അച്ഛനോടു പറയണം പാലായില്‍ നിന്നൊരു കട്ടഫാന്‍ കാണാന്‍ വന്നിട്ടുണ്ടെന്ന്’ എന്ന വാചകങ്ങള്‍ കുറിച്ച പ്ലക്കാര്‍ഡുമായാണ് സനുനാഥ് ഇന്നലത്തെ മത്സരം കാണാനെത്തിയത്. മഹേന്ദ്രസിംഗ് ധോണിയുടെ കട്ട ഫാനാണ് ഈ യുവാവ്. ധോണിയുടെ മകള്‍ സിവ കഴിഞ്ഞ ആഴ്ചയില്‍ മലയാളം ഗാനം ആലപിച്ചത് ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇതോടെ ധോണിക്കൊപ്പം സിവയ്ക്കും കേരളത്തില്‍ നിന്നും ആരാധകര്‍ ഉണ്ടായി.