ഇന്ത്യയുടെ ചെലവില്‍ ഒന്നാം റാങ്ക് സ്വന്തമാക്കി പാക്കിസ്ഥാന്‍; വിട്ടുകൊടുക്കാതെ കോഹ്ലിയും ബുമ്രയും

ദുബായ്: ന്യൂസിലന്‍ഡിനെതിരായ ട്വന്റി-20 പരമ്പര ജയിച്ചത് ഇന്ത്യയാണെങ്കിലും ഐ.സി.സി റാങ്കിംഗില്‍ നേട്ടമുണ്ടാക്കിയത് പക്കിസ്ഥാന്‍. ഇന്ത്യ ജയിച്ചതോടെ ഒന്നാം സ്ഥാനക്കാരായ ന്യുസിലാന്‍ഡ് താഴേക്കിറങ്ങിയതാണ് പാക്കിസ്ഥാന് നേട്ടമായത്.

ഇന്ത്യ-ന്യുസിലാന്‍ഡ് പരമ്പര തുടങ്ങുന്നതിനു മുന്‍പ് ന്യൂസിലന്‍ഡിന് 125-ഉം പാകിസ്താന് 124-ഉം പോയിന്റുമാണ് ഉണ്ടായിരുന്നത്. പരമ്പരയില്‍ 2 -1 ന് ഇന്ത്യ ജയിച്ചപ്പോള്‍ കീവിസ് 120 പോയിന്റിലേക്ക് വീണു. 124 പോയിന്റുമായി പാകിസ്താന്‍ ഒന്നാമതും എത്തി.ന്യൂസിലന്‍ഡിനെ 3 – 0 ന് തോല്‍പ്പിച്ചാല്‍ ഇന്ത്യയ്ക്ക് ഐി.സി.സി റാങ്കിംഗില്‍ രണ്ടാം സ്ഥാനത്ത് വരെ എത്താന്‍ സാധിക്കുമായിരുന്നു. എന്നാല്‍ 2 -1 ന് പരമ്പര നേടിയ ഇന്ത്യ 119 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് ഇപ്പോള്‍.

കളിക്കാരുടെ റാങ്കിംഗില്‍ ബാറ്റിംഗില്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി ഒന്നാം സ്ഥാനത്താണ്. ബൗളിംഗില്‍ ജസ്പ്രീത് ബുമ്രയും ഒന്നാം റാങ്കില്‍ തുടരുകയാണ്. കോലിക്ക് 811 പോയിന്റുകളും ഭുമ്രയ്ക്ക് 719 പോയിന്റുകളുമുണ്ട്. ഇന്ത്യന്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മയും ശിഖര്‍ ധവാനും റാങ്കിംഗില്‍ നേരിയ മെച്ചമുണ്ടാക്കി. രോഹിത് മൂന്ന് സ്ഥാനം മുന്നോട്ട് കയറി 21ല്‍ എത്തിയപ്പോള്‍ ധവാന്‍ 20 സ്ഥാനം മുന്നോട്ട് കയറി 45-ല്‍ എത്തി.